Friday, March 29, 2024
Latest:

ആനയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്; വയനാട്ടിൽ അധികൃതർക്ക് എതിരെ പ്രതിഷേധം ശക്തം; വനം മന്ത്രിയെ വാഴയാക്കി ചിത്രീകരിച്ച് പ്രകടനം

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മ​ഗ്നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക് കടന്നു. ആന ഇപ്പോൾ ഉള്ള വന മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതും  ദൗത്യസംഘത്തിന് വെല്ലുവിളി ആകുന്നുണ്ട്. ദൗത്യസംഘം ഇന്നലെ രണ്ടുതവണ പുലിയുടെ മുന്നിൽപ്പെട്ടിരുന്നു. ബേലൂർ മഗ്നക്കൊപ്പം ഉള്ള മോഴയാന അക്രമകാരിയാണ് എന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. ആന കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്തെ വനത്തിൽ ഉണ്ടെന്നാണ് വിവരം. റേഡിയോ കോളർ സിഗ്നൽ ഏറ്റവുമൊടുവിൽ ഇവിടെ നിന്നാണ് ലഭിച്ചത്. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്.ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനംവകുപ്പ്  ആർ ആർ ടി സംഘം എത്തിയിരുന്നു.എന്നാൽ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.
ആനയെ പിടികൂടാത്തതിൽ ജനങ്ങൾക്ക് അസംതൃപ്തിയുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്ന ഇടങ്ങളിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത്. അതിനിടെ കർഷകൻ അജീഷ് മരിച്ചതിന് സമീപം ഇന്നലെ കടുവ ഇറങ്ങി. വന്യമൃഗശല്യം തടയുന്നതിൽ  അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ വൻ ജനകീയ പ്രതിഷേധം നടന്നു. രാത്രി പന്തം കൊളുത്തി നടത്തിയ പ്രതിഷേധത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമാക്കി വാഴയായി ചിത്രീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page