മുത്തലാഖ്‌ നിരോധിച്ചു

0
62


ന്യൂദെല്‍ഹി: മുത്തലാഖ്‌ വഴിയുള്ള വിവാഹമോചനം സുപ്രീംകോടതി നിരോധിച്ചു. ആറു മാസത്തേയ്‌ക്കാണ്‌ നിരോധനം. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്നും സുപ്രീംകോടതി ഇന്നു നടത്തിയ വിധി പ്രസ്‌താവനയില്‍ പറഞ്ഞു. അതുവരെ മുത്തലാഖ്‌ വഴിയുള്ള വിവാഹ മോചനം ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. ഫലത്തില്‍ മുത്തലാഖ്‌ സുപ്രീം കോടതി നിരോധിച്ചിരിക്കുകയാണ്‌.
ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണ ഘടന ബഞ്ചാണ്‌ വിധി പ്രഖ്യാപിച്ചത്‌. മുത്തലാഖിനെ കുറിച്ച്‌ സ്‌ത്രീയുടെ അഭിപ്രായം കൂടി വിവാഹ ഉടമ്പടിയില്‍ ഉള്‍പ്പെടുത്താമെന്ന്‌ അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്‌ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്‌, ആര്‍ എഫ്‌ നരിമാന്‍, യു യു ലളിത്‌, എസ്‌ അബ്‌ദുല്‍ നസീര്‍ എന്നിവരാണ്‌ ബെഞ്ചിലുള്ളത്‌. മുത്തലാഖിനെ മതപരമായ വിഷയമായി കണക്കാക്കുന്നതിനെ മലയാളിയായ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. മുത്തലാഖ്‌ ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ജസ്റ്റിസ്‌ നരിമാനും ലളിതും കുര്യന്‍ ജോസഫിന്റെ വാദത്തെ പിന്തുണച്ചു. ഭൂരിപക്ഷനിലപാടോടെയാണ്‌ മുത്തലാഖ്‌ ഭരണഘടനാവിരുദ്ധമാണെന്ന വിധിയില്‍ കോടതി എത്തിച്ചേര്‍ന്നത്‌.
നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്നും ഇതിനായി ആറുമാസത്തെ സമയം അനുവദിക്കുന്നതായും അതുവരെ രാജ്യത്ത്‌ മുത്തലാഖ്‌ പ്രകാരം വിവാഹ മോചനം അനുവദിക്കരുതെന്നും ആയിരം പേജുള്ള വിധിപ്രസ്‌താവനയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു.
ഝാര്‍ഖണ്ഡ്‌ സ്വദേശിനിയായ സൈറാ ബാനു നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിന്മേലാണ്‌ വിധി. മുത്തലാഖ്‌ ഭരണ ഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. മാതാപിതാക്കളെ തന്റെ വീട്ടില്‍ കാണാന്‍ പോയപ്പോള്‍ ഭര്‍ത്താവ്‌ മുത്തലാഖ്‌ മുഖേന വിവാഹമോചനം നടത്തിയതിനെതുടര്‍ന്നാണ്‌ സൈറാബാനു കോടതിയെ സമീപിച്ചത്‌. ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ നിരവധി മുസ്ലീം വനിതകളും സംഘടനകളും കക്ഷിചേര്‍ന്നിരുന്നു.
സെന്‍സസ്‌ പ്രകാരം രാജ്യത്തെ എട്ടുശതമാനമുള്ള മുസ്ലീം സ്‌ത്രീകള്‍ക്ക്‌ കൃസ്‌ത്യന്‍- ഹിന്ദു ഭാര്യമാരെപോലെ തുല്യ ജീവിത അവകാശം മുത്തലാഖ്‌ മൂലം നിഷേധിക്കപ്പെടുകയാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തലാഖുകള്‍ക്കെതിരെ ഭര്‍ത്താക്കന്മാരെ ഉപദേശിക്കുന്ന പരസ്യ നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ഖാസിമാര്‍ക്കും നല്‍കാമെന്ന്‌ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ കോടതി മുമ്പാകെ സത്യവാങ്‌മൂലത്തില്‍ അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY