അകത്തോ പുറത്തോ ? വീണാ വിജയന് ഇന്ന് നിർണായക ദിനം; കേന്ദ്ര ഏജൻസി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും; ആകാംക്ഷയോടെ പാർടി

കൊച്ചി: കരിമണൽ കമ്പിനിയിൽ നിന്നും ഷെൽ കമ്പിനിയുടെ മറവിൽ കോഴ വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും അവർക്ക് പിൻതുണയുമായെത്തിയ സി.പി.എമ്മിനും ഇന്ന് നിർണായക ദിനം. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്‍ജി കുളൂർ അരവിന്ദ് കാമത്ത് ആണ്. കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചിൽ. ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും.
കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിക്കൊണ്ടുള്ള കേന്ദ്ര കോ‍ർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കമ്പനി കാര്യനിയമത്തിലെ ചട്ടം 210 പ്രകാരം ആദ്യം റജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും അത് നിലനിൽക്കേ തന്നെ ചട്ടം 212 പ്രകാരം സ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് നിയമപ്രകാരമല്ലെന്ന് കമ്പനി വാദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മാസപ്പടി വിവാദം സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് നിർണായകമായ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കോടതി വിധി എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി ഇടപെടൽ രാഷ്ട്രീയ പ്രേരിതമെന്ന് നിലപാടെടുത്ത് തള്ളുമ്പോഴും നിയമനടപടിയിൽ സിപിഎമ്മിന് ആകാംക്ഷയുണ്ട്. തെരഞ്ഞെടുപ്പ് മുൻ നിര്‍ത്തി നിര്‍ണ്ണായക നേതൃ യോഗങ്ങളിലാണ് പാര്‍ട്ടി. നിയമസഭാ സമ്മേളനവും നടക്കുകയാണ്. ഏതെങ്കിലും വിധത്തിൽ എതിര്‍ പരാമര്‍ശങ്ങളുണ്ടാകുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page