വര്‍ഗ്ഗീയത-നമ്മുടെ നാടിന്റെ ശാപം

0
182

കെ.കെഅബ്‌ദുകാവുഗോളി
ഇന്ന്‌ നാം അര്‍ത്ഥം നിര്‍വ്വചിക്കാതെ ഉപയോഗിക്കുന്ന ഒരു മലയാള പദമാണ്‌ വര്‍ഗ്ഗീയത. ഏകദേശം ഒരു മുപ്പത്‌ വര്‍ഷം മുമ്പ്‌ മാധ്യമങ്ങളില്‍ അര്‍ത്ഥമറിയാതെ പന്താടിയിരുന്ന മറ്റൊരു പദമായിരുന്നു സോഷ്യലിസം. ഇന്ത്യയിലെ എല്ലാ സാമ്പത്തിക പരാധീനതകള്‍ക്കും കാരണം സോഷ്യലിസം സ്ഥാപിക്കുന്നതില്‍ ഉണ്ടായ കാലതാമസമാണെന്നു പലരും എഴുതിയിരുന്നു. തേഞ്ഞ ചെരുപ്പ്‌ പോലെ സോഷ്യലിസം എന്ന പദം രാഷ്‌ട്രീയ വ്യവഹാരത്തിന്റെ പുറം തളത്തിലേക്ക്‌ തള്ളി നീക്കപ്പെട്ടിരിക്കുന്നു.
ഒരു പദം ഗൗരവമേറിയ ചര്‍ച്ചയ്‌ക്കുപയോഗിക്കുമ്പോള്‍ ആ പദത്തിന്റെ അര്‍ത്ഥ നിര്‍വ്വചനം ആദ്യമേ നടത്തേണ്ടതുണ്ട്‌. വര്‍ഗ്ഗം എന്ന പദത്തില്‍ നിന്നാണ്‌ വര്‍ഗ്ഗീയത എന്ന നാമപദം നിഷ്‌പതിച്ചത്‌. മനുഷ്യന്‍ സമൂഹത്തെ പല വര്‍ഗ്ഗ രൂപങ്ങളായി ആദിമുതലേ വിഭജിച്ചിരുന്നു. ഗോത്ര വ്യവസ്ഥയില്‍ മനുഷ്യന്‍ പല ഗോത്രങ്ങളായി ജീവിച്ചു. മതങ്ങള്‍ മനുഷ്യനെ പല വര്‍ഗ്ഗങ്ങളായി ചിത്രീകരിച്ചു. കാറല്‍ മാര്‍ക്‌സ്‌ മനുഷ്യ സമൂഹത്തെ സാമ്പത്തികാടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിച്ചു. മുതലാളിയും തൊഴിലാളിയുമെന്ന വര്‍ഗ്ഗവിഭജനമില്ലാത്ത ഒരു സമൂഹസൃഷ്‌ടിയെ മാര്‍ക്‌സ്‌ സ്വപ്‌നം കണ്ടിരുന്നു. എങ്കിലും രാഷ്‌ട്രീയ പരീക്ഷണങ്ങളിലൂടെ ഇപ്പോളതൊരു ആകാശ കുസുമമായി തീര്‍ന്നിരിക്കുന്നു.
ഇന്ത്യയില്‍ വിവിധ ജാതികളും മതങ്ങളും സംസ്‌ക്കാരങ്ങളുമുണ്ട്‌. ഇവരെല്ലാം വര്‍ഗ്ഗങ്ങളായി ഈ മണ്ണില്‍ ജീവിക്കുന്നു. ഈ വര്‍ഗ്ഗങ്ങളോരോന്നിനും അവരുടേതായ ആഭ്യന്തര പ്രശ്‌നങ്ങളും ഇതര വര്‍ഗ്ഗങ്ങളുമായുള്ള ബന്ധങ്ങളില്‍ അസ്വാരസ്യങ്ങളും നിലനില്‍ക്കുന്നുണ്ട്‌. അവയെ കാലാകാലങ്ങളില്‍ പരിഹരിച്ച്‌ ജനജീവിതം സന്തോഷ പ്രദമാക്കുന്നതിനുള്ള മൂല്യ വ്യാകരണങ്ങള്‍ കുറേയൊക്കെ ഇവിടെ ഉണ്ടായിരുന്നു. മനുഷ്യ സമൂഹത്തിന്റെ വര്‍ഗ്ഗീകരണ വ്യവസ്ഥ പരമ്പരാഗതമാകയാല്‍ ആഭ്യന്തര പരമായ ഉപസംസ്‌ക്കാരങ്ങള്‍ അവിടവിടങ്ങളില്‍ ഉടലെടുക്കുന്നു. ഇന്ത്യപോലെ പല വര്‍ഗ്ഗ സമൂഹങ്ങള്‍ ഒരുമിച്ച്‌ ജീവിക്കുന്ന ഒരു ഭൂ പ്രദേശം ലോകത്തെവിടെയും കാണാന്‍ കഴിയില്ല. സെമസ്റ്റിക്‌ മതങ്ങളില്‍ ഭൂരിപക്ഷവും ഒരു കാലഘട്ടത്തില്‍ സാമ്രാജ്യമതങ്ങളായി തീര്‍ന്നതോടെ വര്‍ഗ്ഗങ്ങള്‍ രാഷ്‌ട്രങ്ങളാകുകയും ഇതരവര്‍ഗ്ഗങ്ങളെ അധികാരം കൊണ്ട്‌ ഇല്ലായ്‌മ ചെയ്യുകയും ചെയ്‌തു. മതസ്ഥാപകന്മാര്‍ ദൈവത്തെക്കുറിച്ചും തനതായ ദര്‍ശനങ്ങളെക്കുറിച്ചും സമൂഹത്തില്‍ ആചരിക്കേണ്ട സദാചാരങ്ങളെക്കുറിച്ചും ഉപദേശിക്കുന്നു. എന്നാല്‍ അവര്‍ സ്ഥാപിച്ച മതങ്ങള്‍ സാമ്രാജ്യമതങ്ങളായി തീര്‍ന്നപ്പോള്‍ സാമ്രാജ്യത്തിന്റെ ഭരണവ്യവസ്ഥയിലെ ഭാഗമായിത്തീര്‍ന്നു മതങ്ങളും.
ഇന്ത്യയില്‍ രൂപം കൊണ്ട മതദര്‍ശനങ്ങളൊന്നും തന്നെ സാമ്രാജ്യമതങ്ങളായി പരിണമിച്ചില്ല. അശോകന്റെ കീഴില്‍ ബുദ്ധമത ധര്‍മ്മങ്ങള്‍ ജീവിത വ്യവസ്ഥയുടെ ഭാഗമാക്കാന്‍ ശ്രമിച്ചെങ്കിലും സാമ്രാജ്യ ഘടനയുടെ ദൗര്‍ബല്യത്തില്‍ ബുദ്ധമതത്തിന്‌ ഒരു സംഘടിത സാമ്രാജ്യമതമാകാന്‍ കഴിഞ്ഞില്ല. മനുഷ്യന്‍ സമൂഹത്തില്‍ ഒരു വര്‍ഗ്ഗമായി ജനിക്കുകയും ജീവിക്കുകയും ചെയ്യുമ്പോള്‍ ന്യായമായും ആ വര്‍ഗ്ഗത്തില്‍ സംഭവിക്കുന്നവ അയാളെ കൂടുതല്‍ ബാധിക്കും. ഒരാള്‍ക്കും താന്‍ ജീവിക്കുന്ന വര്‍ഗ്ഗത്തോടുള്ളതിനെക്കാള്‍ താന്‍ ജനിച്ച വര്‍ഗ്ഗത്തോടുള്ള കൂറ്‌ തീര്‍ത്തും വെച്ചൊഴിയാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ഇതര വര്‍ഗ്ഗങ്ങളോടുള്ള കൂറും ആ വര്‍ഗ്ഗത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ആത്മാര്‍ത്ഥതയുണ്ടായിരിക്കും. നായര്‍ സമുദായത്തിന്റെ തളര്‍ച്ച മന്നത്ത്‌ പത്മനാഭനെ ഏറെ ദുഃഖിപ്പിച്ചു. തന്റെ ജാതി, വര്‍ഗ്ഗത്തിന്റെ പുരോഗതിക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു. ശ്രീനാരായണഗുരു താന്‍ ജനിച്ച ഈഴവ സമൂഹം ചെന്നുപെട്ട വ്യവസ്ഥയെക്കുറിച്ച്‌ ദുഃഖിച്ചു. ഈ സമൂഹത്തിന്റെ ഉദ്ദാരണത്തിനായി പ്രവര്‍ത്തിച്ചു. ആര്‍.ശങ്കര്‍, എസ്‌.എന്‍.ഡി.പിയിലൂടെ ഈഴവ സമുദായത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടി തന്നാല്‍ കഴിവത്‌ പരിശ്രമിച്ചു.
ഇവരെല്ലാം വര്‍ഗ്ഗാധിഷ്‌ഠിതമായി വര്‍ഗ്ഗത്തിന്‌ വേണ്ടി ചിന്തിച്ചവരും വാദിച്ചവരുമായിരുന്നു. ഇത്തരം വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളും വാദങ്ങളും അതാത്‌ വര്‍ഗ്ഗക്കാര്‍ക്ക്‌ മാത്രമല്ല പൊതു സമൂഹത്തിനും നന്മക്കായി ഭവിച്ചു. കാരണം ഈ വര്‍ഗ്ഗീയതകളെല്ലാം നിര്‍മ്മാണാത്മകമായിരുന്നു. സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ സഹായകമായിരുന്നു.
പക്ഷേ ഒരു കാലത്ത്‌ നിര്‍മ്മാണാത്മകമായി സമൂഹത്തില്‍ നിലനിന്നിരുന്ന വര്‍ഗ്ഗീയതയില്‍ അക്രമ സ്വഭാവം കലര്‍ത്തിയതാണ്‌ രാജ്യത്തിനും വ്യക്തിക്കും അപകടകരമായിത്തീര്‍ന്നത്‌.
അക്രമവും ഹിംസയും എല്ലാ സമൂഹങ്ങളിലും അധാര്‍മ്മികവും സദാചാരവിരുദ്ധവുമാണ്‌. ഇത്‌ ഭീകരവാദത്തിന്റെയും ഫാസിസ്റ്റ്‌ വര്‍ഗ്ഗീയതയുടെയും രാഷ്‌ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള പകപോക്കലിന്റെയുമൊക്കെ കാലമാണ്‌. മതഭീകരതയും രാഷ്‌ട്രീയ ഭീകരതയും സാധാരണ മനുഷ്യന്റെ ജീവിതചര്യയെ ആകെ തകിടം മറിക്കുകയാണ്‌ ചെയ്‌തത്‌. വര്‍ഗ്ഗീയതയും ജാതി മതങ്ങളിലെ രൂക്ഷവും പ്രകടവുമായ വിഭജനങ്ങളും ന്യൂനപക്ഷങ്ങളോടുള്ള അതിക്രൂരമായ സമീപനങ്ങളും മനുഷ്യ മനസ്സിനെ വല്ലാത്ത ഭീതിയുടെ കയത്തിലേക്ക്‌ തള്ളി വീഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്‌. ഒരു ദിവസം പോലും വീടിന്‌ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ നാട്‌ വലിച്ചറിയപ്പെട്ടിരിക്കുന്നു. ആര്‌ എപ്പോഴും എവിടെയും വധിക്കപ്പെടാം. ആര്‌ എന്നൊന്നില്ല. ആരെ വേണമെങ്കിലും കൊല്ലാം. ധൈര്യം കിട്ടാന്‍ കൂട്ടിന്‌ കള്ളുണ്ട്‌. കഞ്ചാവുണ്ട്‌. പിന്നെന്ത്‌ പേടിക്കാന്‍ . നിരപരാധികളുടെ ചോരയില്‍ നീന്തിരസിക്കാന്‍ അത്‌ മതി.
തല്ലല്ലമ്മാവാ, ഞാന്‍ നന്നാവൂല’ എന്ന സ്ഥിതിയിലേക്കാണ്‌ സാംസ്‌ക്കാരിക കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രിയുടെ മൂക്കിന്‌ താഴെയാണ്‌ ആര്‍.എസ്‌.എസ്സുകാരന്‍ രാജേഷ്‌ വെട്ടേറ്റ്‌ മരിച്ചത്‌. രാഷ്‌ട്രീയ കൊലപാതകമായിരുന്നു അത്‌. രാഷ്‌ട്രീയക്കോ മരങ്ങള്‍ രാജേഷിന്‌ ചുറ്റും കൊലക്കത്തിയും പിടിച്ച്‌ ഉറഞ്ഞ്‌ തുള്ളുകയായിരുന്നു. വാഴക്കുലവെട്ടുന്ന ലാഘവത്തോടെയാണ്‌ രാജേഷിനെ രക്തദാഹികള്‍ വെട്ടി വീഴ്‌ത്തിയത്‌. തലസ്ഥാനനഗരം മറ്റൊരു കണ്ണൂരായി മാറുമോ? ഭയപ്പെടേണ്ടിയിരിക്കുന്നു. കേരളത്തിന്റെ തനത്‌ കലയായി കൊല മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്‌ സമീപകാലങ്ങളില്‍ നാം കണ്ട്‌ കൊണ്ടിരിക്കുന്ന കൊലപാതകങ്ങളൊക്കെയും. വടക്ക്‌ റിയാസ്‌ മൗലവി മുതല്‍ തെക്ക്‌ രാജേഷ്‌ വരെ അത്‌ എത്തി നില്‍ക്കുന്നു.
ഇതിന്‌ വ്യക്തമായ കാരണം നാം ജീവിക്കുന്ന ആധുനിക ലോകം തന്നെയാണ്‌. ചരിത്രത്തിലിന്നോളം അറിയപ്പെട്ടിട്ടില്ലാത്ത ദുരൂഹമായ ധാര്‍മ്മികത്തകര്‍ച്ചയാണ്‌ നവീന ലോകത്തെ അഭിമുഖീകരിച്ചിരിക്കുന്നത്‌. സനാതന കാലം മുതല്‍ ജീവിതത്തിന്റെ ദുഷ്‌പ്രേരണകളെ കടിഞ്ഞാണിട്ട്‌ നിയന്ത്രിച്ചിരുന്ന ആത്മീയമൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും ഇന്ന്‌ പുല്ല്‌ വില പോലുമില്ല. അവയുടെ സ്ഥാനം അരാജകത്വവും അധാര്‍മ്മികതയുമാണ്‌ പിടിച്ച്‌ പറ്റിയിരിക്കുന്നത്‌. ധാര്‍മ്മികമായ ഈ ശൂന്യതവ്യക്തികളെയും സമൂഹങ്ങളേയും അക്രമത്തിന്റെയും അനീതിയുടെയും മാര്‍ഗ്ഗങ്ങളിലേക്ക്‌ തിരിച്ച്‌ വിട്ടിരിക്കുകയാണ്‌.
മനുഷ്യനില്‍ രണ്ട്‌ തരം ശക്തികള്‍ അന്തര്‍ലീനമായിട്ടുണ്ട്‌. തിന്നുക, കുടിക്കുക, ഉറങ്ങുക, ഭോഗിക്കുക തുടങ്ങിയതാണ്‌ ഒന്നാമത്തേത്‌. ഇതിന്‌ മൃഗീയശക്തിയെന്ന്‌ പറയാം. രണ്ടാമത്തേത്‌ സദാചാര സദ്‌വൃത്തികള്‍ പ്രകടമാവുന്ന ശക്തി. ഇതാണ്‌ ആത്മീയ ശക്തിക്കൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഒരു മനുഷ്യനില്‍ ഈ രണ്ട്‌ തരം ശക്തികളും ആവശ്യമായ അനുപാതത്തില്‍ വര്‍ത്തിക്കുമ്പോള്‍ അയാളൊരു സമ്പൂര്‍ണ്ണ മനുഷ്യനായി തീരുന്നു. എന്നാല്‍ മൃഗീയ ശക്തി ആത്മീയശക്തിയെ ജയിക്കുന്ന പക്ഷം അവന്‍ മനുഷ്യബന്ധത്തില്‍ നിന്ന്‌ മൃഗീയത്വത്തില്‍ ചെന്ന്‌ വീഴുന്നു. മദ്യവും മയക്ക്‌ മരുന്നും മൃഗീയശക്തികള്‍ക്ക്‌ ആക്കം കൂട്ടുന്നു.
നിസ്‌ക്കാരത്തഴമ്പുള്ള മൗലവിയും ചന്ദനക്കുറിയുള്ള പൂജാരിയും സൗഹാര്‍ദ്ദത്തില്‍ ജീവിച്ച അന്തരീക്ഷം മലീമസമാക്കുവാന്‍ ഒരു ഫാസിസ്റ്റുകളെയും, മുസ്ലീം തീവ്രവാദികളെയും ഒരിക്കലും അനുവദിച്ച്‌ കൂടാ. ഭാരതാംബയുടെ വിരിമാറില്‍ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഹിന്ദുതീവ്രവാദികളും മുസ്ലീം തീവ്രവാദികളും ഒരു കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ ഏതെങ്കിലുമൊരു മതത്തിന്റെ അധീനതയിലുള്ള രാജ്യമല്ല. വിദേശത്ത്‌ നിന്ന്‌ വന്ന ആര്യന്മാരും, മുഗളന്മാരും ഉള്‍പ്പെടെ എല്ലാവരും ഭാരതമക്കളായിത്തീരുകയാണുണ്ടായത്‌. ഇന്ത്യക്കാരെന്ന്‌ തീര്‍ത്തും പറയാവുന്നത്‌ ഇവിടത്തെ ആദിവാസികളായ ദ്രാവിഡന്‍മാരെയാണ്‌. ആടുമാ ടുകളെ മേച്ചും അത്യാവശ്യം കൃഷിയിലേര്‍പ്പെട്ടും ഫലവത്തായ ഭാരതത്തില്‍ സുഖമായി ജീവിച്ച്‌ വന്നിരുന്ന ദ്രാവിഡ സമൂഹത്തിലേക്ക്‌ ഏതാണ്ട്‌ അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വീരപരാക്രമശാലികളും രണശൂരന്മാരായ ആര്യന്മാര്‍ ഇറാനില്‍ നിന്ന്‌ കുതിച്ചിറങ്ങി. സമര്‍ത്ഥരായ അവരുടെ വില്ലാളികളെ നേരിടാനുള്ള ആയോധന പരിചയം ദ്രാവിഡര്‍ക്കന്നുണ്ടായിരുന്നില്ല. ആര്യ-ദ്രാവിഡ യുദ്ധത്തില്‍ നിരവധി ദ്രാവിഡര്‍ മരിച്ച്‌ വീണു. ബാക്കിയുള്ളവരില്‍ കുറേപേര്‍ വടക്കോട്ടും തെക്കോട്ടും ഓടി. നിരവധി പേരെ ആര്യന്മാര്‍ തടവുകാരാക്കി. അവരുടെ ആജ്ഞാനുവര്‍ത്തികളും അടിമകളുമാക്കി മാറ്റി. വടക്കേ ഇന്ത്യയും മധ്യേന്ത്യയും ആര്യന്മാരുടെ പൂര്‍ണ്ണ കോയ്‌മയിലമര്‍ന്നു.
ന്യൂനപക്ഷങ്ങള്‍ നാട്‌ വിട്ട്‌ പോകണമെന്ന്‌ പറയുന്ന മത വര്‍ഗ്ഗീയ തീവ്രവാദികളായ ഫാസിസ്റ്റുകള്‍ ആര്യന്മാരുടെ സന്തതികളാണ്‌. വിദേശത്ത്‌ നിന്ന്‌ വന്ന അവരല്ലേ യഥാര്‍ത്ഥത്തില്‍ നാടുവിട്ട്‌ പോകേണ്ടത്‌. ഈ ആര്യന്മാരുടെ സന്തതികളില്‍ മുസ്ലീം തീവ്രവാദികളുമുണ്ട്‌. എന്ന കാര്യവും മറക്കണ്ട.
മതേതരത്വം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്‌ സാഹോദര്യം. സാഹോദര്യത്തിന്റെ സാക്ഷാല്‍ക്കാരത്തിന്‌ ആത്മാവും മനഃസാക്ഷിയും അനിവാര്യമാണ്‌. പ്രസംഗ പീഠങ്ങളില്‍ കണ്‌ഠക്ഷോഭം ചെയ്യാനും പത്രങ്ങളിലും പുസ്‌തകങ്ങളിലും ഉപന്യസിക്കാനും കൊള്ളാവുന്ന ഒരു വിഷയമാണ്‌ സാഹോദര്യം.
രാഷ്‌ട്രീയം എന്ന്‌ പറയുന്നത്‌ പൗര ജീവിതത്തിന്റെ അത്യന്താപേക്ഷണീയമായ ഒരു ഭാഗമാണ്‌. അതില്‍ അക്രമം കലര്‍ത്തിയാല്‍ അത്‌ രാഷ്‌ട്രീയമല്ലാതായിത്തീരുന്നു. മതം മനുഷ്യ ജീവിതത്തിന്റെ സ്ഥായീഭാവത്തിന്‌ ആവശ്യമാണ്‌. പക്ഷേ അതില്‍ അക്രമം കലര്‍ത്തിയാല്‍ അത്‌ മതമല്ലാതായിത്തീരുമെന്ന്‌ മതനേതാക്കളും അറിയേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും അക്രമത്തെ തങ്ങളുടെ പ്രവര്‍ത്തന ശൈലിയായി എന്നേ മാറ്റിക്കഴിഞ്ഞിരിക്കുന്നു.
സ്‌നേഹത്തില്‍ നിന്ന്‌ സ്‌നേഹം ഉദിക്കുന്നു. വിദ്വേഷത്തില്‍ നിന്ന്‌ വിദ്വേഷവും ഹിംസയില്‍ നിന്ന്‌ ഹിംസയും ജനിക്കുന്നു. രാജേഷിനെയും റിയാസ്‌ മൗലവിയെയും കൊന്നവര്‍ എന്ത്‌ നേടി? മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ നഷ്‌ടപ്പെട്ടു. അവരുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങള്‍ അനാഥരായി. അവരുടെ നിലവിളിയോടെയുള്ള ശാപമോചനത്തിന്‌ ഏത്‌ ഗംഗയില്‍ പോയി കുളിക്കണം. ഒരു യുദ്ധത്തിലും യുദ്ധം ചെയ്യുന്നവര്‍ വിജയിക്കുന്നില്ല. അകലേയിരുന്ന്‌ കൊണ്ട്‌ യുദ്ധത്തിന്‌ നേതൃത്വം നല്‍കുന്നവര്‍ ജയിക്കുന്നു. സി.പിയെ വെട്ടിയ മണി ഒന്നും നേടിയില്ല. അതിന്‌ പ്രേരണ നല്‍കിയവര്‍ രാഷ്‌ട്രീയ സ്ഥാനമാനങ്ങള്‍ നേടി. പുന്നപ്രയിലും വയലാറിലും വിപ്ലവം നടത്തിയവര്‍ ഒന്നും നേടിയില്ല.അവരെ മരണത്തിലേക്ക്‌ തള്ളിയിട്ടവര്‍ പലതും നേടി. നിര്‍ഭാഗ്യവശാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി ചാവേര്‍ പടയാകാന്‍ തയ്യാറുള്ളവരുണ്ട്‌. ചത്തവരെയും കൊന്നവരെയും രക്തസാക്ഷി പരിവേഷം അണിയിക്കുന്നു. അവര്‍ക്ക്‌ സിന്ദാബാദുകള്‍ ഉയരുന്നു.

NO COMMENTS

LEAVE A REPLY