മഴയൊരു പുഴയായി ഒഴുകുമ്പോള്‍….

0
98


കണ്ണാലയം നാരായണന്‍
മഴക്കാലം തുള്ളിക്കൊരു കുടം കുളിരും കോരി വീണ്ടുമെത്തി; ഓലക്കുരമ്പ ചൂടി വയല്‍ വരമ്പിലൂടെ കണ്ണിച്ചാന്‍ മീനുകളോടും പേക്കന്‍ തവളകളോടും കിന്നാരം പറഞ്ഞു നടന്ന ബാല്യകാലത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട്‌. പനയാല്‍ ഗ്രാമത്തിലെ ഏറ്റവും വലിയ നെല്‍വയലുകളില്‍ ഒന്നാണ്‌ അരവത്ത്‌. വളക്കൂറുള്ള മണ്ണ്‌, ഇഷ്‌ടം പോലെ വെള്ളം, അധ്വാനം ജീവിതമാക്കിയ ജനത. എല്ലാം ചേരുമ്പോള്‍ അരവത്തിന്റെ ചെളിക്കണ്ടങ്ങളില്‍ മൂന്നു വിള വിളഞ്ഞു. ഉടയോന്റെ പത്തായം നിറഞ്ഞു. അപ്പോഴും കോരനു കഞ്ഞി കുമ്പിളില്‍ തന്നെയായിരുന്നുവെന്നു മാത്രം. അരവത്ത്‌ പുഴയും തോടുമായിരുന്നു അന്നും ഈ വയലിനു പച്ചപ്പ്‌ പകരുന്നത്‌. പേര്‌ അരവത്ത്‌ തോടെന്നാണെങ്കിലും അതിന്റെ ഉത്ഭവം പെരിയാട്ടടുക്കം മുനിക്കലില്‍ നിന്നാണ്‌. മുനിക്കലില്‍ നിന്നും തുടങ്ങുന്ന കൈത്തോട്‌, പെരുന്തട്ടവയലിലെത്തുന്നതോടെ തോടാകും. വളഞ്ഞും പുളഞ്ഞും പടിഞ്ഞാറോട്ടൊഴുകി. പനയാലില്‍ എത്തുമ്പോള്‍ പനയാല്‍ തോടായി. ഇരു കരകളിലെയും വയലുകളില്‍ നന്മ നിറച്ചൊഴുകുന്ന തോട്‌ കോട്ടപ്പാറയിലെത്തുന്നതോടെ ശാന്തത കൈവെടിഞ്ഞ്‌, രൗദ്രം ഭാവം കൈവരിക്കും. ആനകളേക്കാളും വലിപ്പമുള്ള ഉരുളം കല്ലുകളില്‍ നിന്നു താഴേയ്‌ക്കു വെള്ളം ചീറ്റും. കുഴികളില്‍ കിടന്നു പിടയ്‌ക്കും. വീണ്ടും കരുത്താര്‍ജ്ജിച്ച്‌ കരകളിലെ പാറക്കല്ലുകളെ ഇക്കിളിപ്പെടുത്തി താഴോട്ടൊഴുകും. പാറക്കൂട്ടങ്ങള്‍ കൈ വിടുന്നതോടെ തോട്‌ കാനനമാകും. ഇരു കരകളിലും കൂറ്റന്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും തോടിനെ കാനനമാക്കുന്നു. മുളങ്കാടുകളെയും വള്ളിപടര്‍പ്പുകളെയും തൊട്ടുതലോടുന്നതോടെ തോടിനു ശാന്തത കൈവരുന്നു. പിന്നെ വളഞ്ഞു പുളഞ്ഞുള്ള പ്രയാണം. ഇരു കരകളിലും ചെറുതും വലുതുമായ കണ്ടങ്ങള്‍. കൊളു, കുഞ്ഞിക്കൊളു, ബട്ടക്കണ്ടം, വള്ളിക്കണ്ടം, ബലിയക്കണ്ടം, അങ്ങനെ പോകുന്നു കണ്ടങ്ങളുടെ പേരുകള്‍. മണ്ണില്‍ മണലിന്റെ അംശം കൂടുതല്‍ ഉണ്ടായിരുന്നതില്‍ എല്ലാ കണ്ടങ്ങളും പൊതുവെ പൊയ്യക്കണ്ടങ്ങള്‍ എന്നറിയപ്പെട്ടു. ഇരു കരകളിലും ഇടതൂര്‍ന്ന്‌ വളര്‍ന്നു നിന്നിരുന്ന കൈതക്കാടുകളില്‍ കുളക്കോഴികള്‍ പ്രണയം തീര്‍ത്തു.
കൈതവേരുകള്‍ക്കിടയില്‍ ചൂട്ടച്ചിയും കുരുടനും പുല്ലനും ബ്രാട്ടയും തുടങ്ങിയ മീനുകള്‍ മുട്ടയിട്ടു പുതിയ തലമുറയ്‌ക്കു ജന്മം നല്‍കി. തോടു വീണ്ടും ഒഴുകി. ഒഴുകുന്തോറും കൂടുതല്‍ കരുത്തു നേടിയ തോടിന്റെ വീതി കൂടി കൊണ്ടേയിരുന്നു. തൈവളപ്പിങ്ങാലില്‍ എത്തുമ്പോള്‍ അവളുമെത്തുന്നു. പാലത്താടിന്റെ കുളിരും കോരിയെത്തുന്ന കൈത്തോട്‌. തൈവളപ്പിലെ സമുദ്രപാളയത്തിന്റെ മണവുമായി അവള്‍ കാനം തോടില്‍ വിലയം പ്രാപിക്കുന്നു. ഒരു മെയ്യായി ഒഴുകിയ അവര്‍ ഒന്നിച്ചു യാത്ര തുടര്‍ന്നു. കൊളക്ക ചിറക്കാലില്‍ എത്തുമ്പോള്‍ വെള്ളമാകെ കലങ്ങിയിരിക്കും. കണ്ടങ്ങളില്‍ നിന്നുള്ള ചെളിവെള്ളം കടികളിലൂടെ ഒഴുകിയെത്തും. പേരുകേട്ട കര്‍ഷകര്‍ക്കൊക്കെ അന്നു നിലം ഉഴുവാനായി കാളയോ, മൂരിയോ പോത്തോ ഉണ്ടായിരുന്നു. നിലം പൂട്ടിക്കഴിഞ്ഞാല്‍ അവര്‍ക്കൊക്കെ വിസ്‌തരിച്ചൊരു കുളി. അതു കൊളക്ക ചിറക്കാലില്‍ ആയിരുന്നു. കലപ്പയും കോരി പലകളും നുകങ്ങളും മറ്റു പണിയായുധങ്ങളും കോരിക്കുളിച്ചതും കൊളക്ക ചിറക്കാലില്‍ ആയിരുന്നു. അരവത്ത്‌ തോട്‌ പിന്നെയും ഒഴുകി; മുക്കുണ്ട്‌ വരെ. അവിടെ തുടങ്ങുന്നു അരവത്ത്‌ പുഴ. അല്‍പം കഴിഞ്ഞാല്‍ പുഴയുടെ പേര്‌ ബേക്കല്‍ എന്നായി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുക്കൂടില്‍ നിന്നു നോക്കിയാല്‍ തൈവളപ്പിങ്ങാലും അവിടെ നിന്നു നോക്കിയാല്‍ കാനവും കാണാമായിരുന്നു. ഇന്ന്‌ കാലം മാറി, കഥമാറി. അരവത്ത്‌ വയലും മാറി. തോടിനു കുറുകെ പാലങ്ങളായി. ചിറകളെല്ലാം ചെറിയ കോണ്‍ക്രീറ്റ്‌ തടയണകള്‍ക്കു വഴി മാറി. വയലിനു കുറുകെ റോഡായി. നട വരമ്പുകള്‍ ആര്‍ക്കും വേണ്ടാതായി. മണികെട്ടിയ ഉഴവുകാളകള്‍ കാണാതായി. കോരി പലകയും നുകവും പുരാവസ്‌തുക്കളായി. മീനും ഞണ്ടും ആമയും ഒന്നിച്ചുവാണ കൈതക്കാടുകളൊക്കെ ചുട്ടെരിക്കപ്പെട്ടു. കര കയര്‍ വസ്‌ത്രമണിഞ്ഞു. കൊള്ളലാഭത്തിന്റെ മണികിലുക്കവുമായി സങ്കരയിനം നെല്‍വിത്തുകള്‍ എത്തിയപ്പോള്‍ തൊണ്ണൂറാനും വെള്ള തൗവനും കയമ്മയും രാജകയമ്മയും കുത്തിതിന്ന്‌ നന്ദികേട്‌ കാട്ടിയവരായി കര്‍ഷകരെ ചരിത്രത്തില്‍ രേഖപ്പെടുത്തി.തോട്ടു വക്കുകള്‍ തെങ്ങിനും കവുങ്ങിനും വഴി മാറി. മൂന്നു വിളക്കണ്ടങ്ങളില്‍ പലതും തെങ്ങിന്‍ തോപ്പുകളായപ്പോള്‍ അറബിക്കടലിന്റെ അസ്‌തമയ ശോഭയുടെ കാഴ്‌ച്ചയും മറച്ചു.അരവത്ത്‌ തോട്‌ കരകവിയാതെയായി. ഇതോടെ മണ്ണിന്റെ വിളക്കൂറു കുറഞ്ഞു. തോലിനോടും `ബള’ത്തിനോടും വിട പറഞ്ഞവര്‍ രാസവളങ്ങള്‍ അനിയന്ത്രിതമായി പ്രയോഗിച്ചതോടെ നെയ്‌ച്ചിങ്ങയും കുരുടനും തവളയും ബാളയും ബ്രാട്ടയും ചൂട്ടച്ചിയും കുലമറ്റു. കുളക്കോഴികള്‍ കൂവാതെയായി. വയല്‍ വരമ്പില്‍ പ്രണയത്തിന്റെ കൂടിച്ചേരുകള്‍ ഇല്ലാതെയായി. പ്രണയം വയലിനെ കീറി മുറിച്ച റോഡിലൂടെ ഓടുന്ന ബൈക്കുകളിലായി…
n
കാലവും കോലവും മാറി. ഇപ്പോള്‍ അരവത്ത്‌ വീണ്ടെടുപ്പിനുള്ള ശ്രമത്തിലാണ്‌. അവശേഷിക്കുന്ന വയലും നെല്‍കൃഷിയും സംരക്ഷിക്കണം. നാട്ടുപയമ്മകള്‍ തിരിച്ചു പിടിക്കണം. കൈമോശം വന്ന നാടന്‍ വിത്തുകള്‍ വീണ്ടെടുക്കണം.പുലരി അരവത്തിന്റെ ശ്രമങ്ങള്‍ക്കു എം എസ്‌ സ്വാമിനാഥന്‍ ഫൗണ്ടേഷനും ജില്ലാ കുടുംബശ്രീ മിഷനും പള്ളിക്കര കൃഷിഭവനും ഒന്നിച്ചു ചേര്‍ന്നപ്പോള്‍, നാടുണര്‍ന്നു. പുലരിയുടെ നാട്ടി- മഴ മഹോത്സവം നന്മയുടെ ഉത്സവവമായി. കുട്ടികള്‍ മുതല്‍ മന്ത്രിയും തന്ത്രിയും കൂലി പണിക്കാരനും അധ്യാപകരും പൊലീസുകാരും മറ്റു സര്‍ക്കാര്‍ ജീവനക്കാരും കര്‍ഷകരും ഒക്കെ ചെളിക്കണ്ടത്തില്‍ നന്മയുടെ ഞാറു നട്ടപ്പോള്‍, തിരിച്ചു പിടിച്ചു തന്നത്‌ ഒരു പിടി ഓര്‍മ്മകളെയാണ്‌. ബാല്യത്തിന്റെ നന്മയുള്ള ഓര്‍മ്മകളെ!
n

NO COMMENTS

LEAVE A REPLY