നപുംസക പുരാണം

0
124

അബ്‌ദു കാവുഗോളി
മിനുസമായി താടി വടിക്കുകയും സ്‌ത്രീകളെപ്പോലെ വസ്‌ത്രമണിയുകയും ചെയ്‌ത്‌ കൊണ്ട്‌ മോഹനാംഗികളുടെ ഭാവം നടിച്ചു, ശിശുജനനം, വിവാഹം, ഉത്സവം മുതലായ അടിയന്തിരങ്ങളില്‍ ആടുകയും പാടുകയും ചെയ്യുന്നത്‌ മുതലാക്കി ജീവിതം നയിക്കുന്ന നപുംസകന്മാര്‍ (ഹിജ്‌ഡകള്‍) ഇന്ത്യയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്നും കൂട്ടമായി താമസിച്ച്‌ വരുന്നു. തങ്ങളുടെ പ്രത്യേകമായ വീണകളും മദ്ദളങ്ങളും ഉപയോഗിച്ച്‌ നാടകങ്ങള്‍ അഭിനയിക്കുന്നതില്‍ അവര്‍ മിടുക്കന്മാരാണ്‌. സ്‌ത്രീ ജനങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ നേരം പോക്കിന്‌ മറ്റ്‌ സാഹചര്യങ്ങളില്ലാത്തവര്‍ക്ക്‌ അതു വളരെ കൗതുകമാണ്‌.
ഇന്ത്യയില്‍ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ മുതലായ വന്‍ നഗരങ്ങളിലാണ്‌ നപുംസകങ്ങ്‌ളെ കൂടുതലായി കണ്ടു വരുന്നത്‌. അവര്‍ക്ക്‌ അവരുടെ സ്വകാര്യവും സാമൂഹ്യവുമായ ജീവിതചര്യകളെ നിയന്ത്രിക്കുന്നതിന്‌ വിപുലവും നിഷ്‌കൃഷ്‌ടവുമായ ചട്ടങ്ങളും നിയമങ്ങളുമുണ്ട്‌. മൊത്തത്തില്‍ നല്ല അച്ചടക്കവും വിനയവുമുള്ള ഒരു സമൂഹമാണവരുടേത്‌.
ക്രിസ്‌ത്വാബ്‌ദം 15-ാം നൂറ്റാണ്ടില്‍ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ ശത്രുവായിരുന്ന ഗുരുഗോരക്ക്‌ നാഥിന്റെ കാലത്ത്‌ ജീവിച്ചിരുന്ന `നാണ്ഡിമയി’ എന്നു പേരുള്ള നപുംസദേവതയുടെ അനുയായികളാണിവരെന്ന്‌ കരുതപ്പെടുന്നു. എന്നാല്‍ അവരുടെ ഉത്ഭവം വളരെ പൗരാണികമാണ്‌.
ക്രൈസ്‌തവ യുഗത്തിന്റെ ആരംഭ ഘട്ടത്തില്‍ ലൈംഗിക പാപങ്ങളില്‍ നിന്നും വിമുക്തരായി ജീവിക്കുന്നതിന്‌ വേണ്ടി ഉടയെടുത്ത്‌ നപുംസകരാകാന്‍ സ്വയം സന്നദ്ധരായിരന്ന ഒരു വിഭാഗം ആളുകളുണ്ടായിരുന്നു. മൂന്നാം നൂറ്റാണ്ടായപ്പോഴേയ്‌ക്കും അവരുടെ സുസംഘടിതമായ ഒരു സമുദായം തന്നെ നിലവില്‍ വന്നു. ദൈവത്തിന്റെ സേവകന്മാരായാണ്‌ അവരന്ന്‌ അറിയപ്പെട്ടിരുന്നത്‌.
ഇറ്റലിയില്‍ ഗായക പരിശീലനം നല്‍കുന്നതിനുവേണ്ടി പണ്ട്‌ കാലത്ത്‌ ആണ്‍കുട്ടികളുടെ ഉടയെടുക്കുക പതിവായിരുന്നുവത്രേ. എന്നാല്‍ മാര്‍പ്പാപ്പലിയോ പതിമൂന്നാമന്‍ സ്ഥാനാരോഹണം ചെയ്‌തശേഷം അത്‌ നിയമവിരുദ്ധമാക്കി. റഷ്യയില്‍ അന്ന്‌ രണ്ട്‌ തരം നപുംസകന്മാരുണ്ടായിരുന്നു. അതിലൊന്ന്‌ വാലസികളുടെ മാതൃകയില്‍ മതപരമായ ഉദ്ദേശത്തോട്‌ കൂടി നിലവില്‍ വന്നതായിരുന്നു. മറ്റേതാകട്ടെ ഒരു ഹീനവര്‍ഗ്ഗമായിരുന്നു. മാക്‌സിംഗ്‌ ഗോര്‍ക്കി ഒരിക്കല്‍ അവരുടെ കൈയ്യിലകപ്പെടുകയും അത്ഭുതാവഹകമായ നിലയില്‍ രക്ഷപ്പെടുകയും ചെയ്‌ത കഥ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്‌.
ഇന്ന്‌ കേവലം ആട്ടക്കാരും പാട്ടുകാരും പിച്ചക്കാരുമായി തരം താഴ്‌ന്നിരിക്കുന്ന ഹിജ്‌ഡകള്‍ ആദ്യ കാലങ്ങളില്‍ അന്തഃപുരങ്ങളുടെയും അന്തഃപുര ജനങ്ങളുടെയും മേല്‍ നോട്ടത്തിന്‌ വേണ്ടി നിയുക്തരായവരായിരുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ഗ്രീസിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ അവരുടെ പേര്‌ `ഖാജാസിറാ’ എന്നായിരുന്നു. അതിനര്‍ത്ഥം അന്തഃപുരമേധാവിയെന്നാണ്‌.
തുര്‍ക്കി ഖലീഫമാരുടെ കാലത്ത്‌ ഹറമിന്റെ ആധിപത്യം വഹിച്ചിരുന്നത്‌ ഹിജ്‌ഡകളായിരുന്നു. അവ വെളുത്തവരെന്നും കറുത്തവരെന്നും രണ്ടായിതരം തിരിക്കപ്പെട്ടിരുന്നു. വെളുത്തവരുടെ നേതാവിനെ `ദ്വാരപാലകന്‍’ എന്നാണ്‌ വിളിച്ചിരുന്നത്‌. കവാടങ്ങളുടെ സൂക്ഷിപ്പിന്‌ പുറമെ പള്ളി സ്വത്തുക്കളുടെ നിയന്ത്രണത്തില്‍ അധികാരവും അയാള്‍ക്കുണ്ടായിരുന്നു.മന്ത്രിമാര്‍ക്കുപോലും അയാളുടെ അനുമതിയില്ലാതെ അരമനയില്‍ പ്രവേശനമുണ്ടായിരുന്നില്ല. അയാളുടെ അധികാരം അരമനക്കകത്ത്‌ അത്രമേല്‍ ഉയര്‍ന്നതായിരുന്നു.
കറുത്തവരുടെ തലവന്‍ സ്‌ത്രീ സംരക്ഷകനായിരുന്നു. അയാളുടെ സ്ഥാനപ്പേര്‌ `ദാറുസ്സാദത്ത്‌ ആഗാ” എന്നാണ്‌. ആനന്ദസദനത്തിന്റെ നായകന്‍” എന്നാണതിന്റെ അര്‍ത്ഥം. അയാളുടെ സ്ഥാനവും ഉയര്‍ന്നതായിരുന്നു. അയാള്‍ക്ക്‌ പ്രത്യേകമായി ഒരു സെക്രട്ടറിയുണ്ടായിരുന്നു. സുല്‍ത്താന്മാരാല്‍ നിര്‍മ്മിതമായ പള്ളികളുടെ വരവ്‌ ചെലവ്‌ കണക്കുകള്‍ സൂക്ഷിക്കുന്നത്‌ അയാളായിരുന്നു.
സുല്‍ത്താന്‍, രാജമാതാവ്‌, രാജ്ഞി, രാജകുമാരിമാര്‍, മന്ത്രിമാര്‍, അരമന പ്രഭുക്കന്മാര്‍ എന്നിവരുടെ കീഴിലായി നൂറുകണക്കിന്‌ ഹിജ്‌ഡകളുണ്ടായിരുന്നു. നപുംസകന്മാര്‍ നല്ല ഭരണസാമര്‍ത്ഥ്യമുള്ളവരായിരുന്നുവെന്ന്‌ പറയപ്പെടുന്നു. അവരുടെ ഭരണനൈപുണ്യം കാരണം ഈജിപ്‌തിലെ കോടതി ഉദ്യോഗസ്ഥരെ അവര്‍ ഉടയെടുത്തവരായാലും അല്ലെങ്കിലും ശരി നപുംസകന്മാരെന്ന്‌ വിളിച്ചിരുന്നു. രാജകൊട്ടാരങ്ങളിലുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനം നിമിത്തം രാജ്യകാര്യങ്ങളിലും സ്വാധീനം ചെലുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നു. മാത്രമല്ല, ഹിജ്‌ഡകളുടെ ഉപദേശം ചില സന്ദര്‍ഭങ്ങളില്‍ രാജാക്കന്മാര്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു.
റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത്‌ അവര്‍ക്ക്‌ ഭരണ കാര്യങ്ങളിലുണ്ടായിരുന്ന അധികാരം വമ്പിച്ചതായിരുന്നു. പേര്‍ഷ്യയിലും ഉയര്‍ന്ന ഉദ്യോഗം അവര്‍ വഹിച്ചിട്ടുണ്ട്‌. ചൈനയില്‍ അവര്‍ പ്രകടിപ്പിച്ച ഭക്തി വിശ്വാസങ്ങള്‍ അസാധാരണമായിരുന്നു. തല്‍ഫലമായി അവിടെയും ഭരണ കാര്യങ്ങളില്‍ അവര്‍ക്ക്‌ ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചിരുന്നു. മക്കയിലെ കഅ്‌ബയില്‍ പോലും തുര്‍ക്കീ ഖലീഫമാരുടെ കാലത്ത്‌ കാവല്‍ ജോലി നിര്‍വ്വഹിച്ചിരുന്നതും ട്രാന്‍സ്‌ ജെന്‍ഡറുകളായിരുന്നു. നപുംസകള്‍ ധൈര്യത്തിലും ബുദ്ധിയിലും സാമര്‍ത്ഥ്യത്തിലും ദുര്‍ബലന്മാരാണെന്ന വിശ്വാസം തെറ്റാണെന്ന്‌ പേര്‍ഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ ചരിത്ര സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ധീര പരാക്രമങ്ങള്‍ക്കും ബുദ്ധി സാമര്‍ത്ഥ്യത്തിനുമായി അവര്‍ പല പ്രത്യേക സമ്മാനങ്ങളും ഈ രാജ്യങ്ങളില്‍ നിന്നും നേടിയിട്ടുണ്ട്‌. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ കമാണ്ടര്‍ ഇന്‍ചീഫ്‌ മാലിക്‌ കഫൂര്‍ ഒരു നപുംസകനായിരുന്നുവെന്നത്‌ ഇന്ത്യാ ചരിത്രത്തില്‍ കാണുന്നുണ്ട്‌. എന്നാല്‍ അയാളുടെ ധീരതയും യുദ്ധ പാടവവും ധിഷണാസാമര്‍ത്ഥ്യവും പൊതുവായി ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍വെച്ച്‌ ഏറ്റവും മികച്ച പടനായകന്മാരില്‍ ഒരാളായിട്ടാണ്‌ ഇന്നും ചരിത്രത്തില്‍ അറിയപ്പെട്ടുവരുന്നത്‌.
പിന്നീടയാള്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെടുകയുണ്ടായി. അലാവുദ്ദീന്‍ ഖില്‍ജിയുടെ മരണത്തിനുശേഷം കുറച്ച്‌ കാലത്തേക്കയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു കിങ്‌മേക്കറായിരുന്നു.
ഹിജ്‌ഡകളെല്ലാം ജന്മം കൊണ്ട്‌ നപുംസകന്മാരായവരല്ല. നേരെ മറിച്ച്‌ ഭരിക്കുന്നവരുടെ അറിവോടും അനുവാദത്തോടും കൂടി ഉടയെടുത്ത്‌ നപുംസകന്മാരാക്കപ്പെട്ടവരാണ്‌. അടിമ വ്യാപാരം നടത്തുന്നവര്‍ക്ക്‌ വേണ്ടി ശസ്‌ത്രക്രിയ നടത്തി നപുംസകന്മാരാക്കുന്ന സര്‍ജന്മാരുമുണ്ട്‌. അവരായിരുന്നു ഈ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിന്‌ ഉത്തരവാദികള്‍…..
ഹിജ്‌ഡയായ ഒരടിമയ്‌ക്ക്‌ സാധാരണ അടിമയേക്കാള്‍ കൂടുതല്‍ വില കിട്ടുമെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌.
1930-ല്‍ ആന്ധ്രപ്രദേശില്‍ ആയിരക്കണക്കിന്‌ ഹിജ്‌ഡകള്‍ ഉണ്ടായിരുന്നുവത്രേ. ഹൈദ്രാബാദില്‍ അക്കാലത്ത്‌ ആണുങ്ങളെ ഷണ്ഡരാക്കുന്ന പണി സ്വതന്ത്രമായി നടന്നിരുന്നു. 1922-ല്‍ അതവിടെ നിരോധിക്കപ്പെട്ടു. ആന്ധ്രയിലെ പല ജില്ലകളിലും ഹിജ്‌ഡകള്‍ കൂട്ടമായി താമസിച്ച്‌ വരുന്നു. ഹൈദ്രബാദ്‌ നഗരത്തില്‍ അന്ന്‌ അവരുടേതായ ഒരു തെരുവ്‌ തന്നെ ഉണ്ടായിരുന്നു. ആ തെരുവ്‌ `ഹിജ്‌ഡാസ്‌ സ്‌ട്രീറ്റ്‌’ എന്നാണറിയപ്പെട്ടിരുന്നത്‌.
ഇന്ത്യയില്‍ പുരുഷന്മാരെ ഉടയെടുത്ത്‌ ഷണ്ഡന്മാരാക്കുന്നത്‌ നിയമത്താല്‍ നിരോധിക്കപ്പെട്ടതാണ്‌. ഈ കുറ്റത്തിനുള്ള ശിക്ഷ ജീവപര്യന്തവും നാടുകടത്തലുമായിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ ഇന്ത്യന്‍ കോടതി മുറിക്കുള്ളില്‍ കയറിയിട്ടില്ലാ എന്നതാണത്ഭുതം. നിയമത്തിന്റെ കണ്ണ്‌ വെട്ടിച്ച്‌ ഈ കുറ്റകൃത്യം പുറം ലോകമറിയാതെ ഇന്നും തുടര്‍ന്ന്‌ പോകുന്നുവെന്നതാണ്‌ സത്യം. അല്ലെങ്കില്‍ ഇന്നും ഇത്രയധികം ഹിജ്‌ഡകള്‍ നമ്മുടെ നാട്ടിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കാണാന്‍ കഴിയുന്നതല്ല. ഇവരെല്ലാം ജനനം കൊണ്ട്‌ നപുംസകങ്ങളായവരെന്ന്‌ വിശ്വസിക്കുന്നത്‌ അസംബന്ധമായിരിക്കും.
ഹൈദ്രാബാദ്‌ സ്‌ട്രീറ്റ്‌പോലെ മറ്റൊരു തെരുവു ഉത്തരാഫ്രിക്കയിലെ `ബാഗിര്‍മി’യിലും ഉണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. ലോകത്ത്‌ വെച്ചേറ്റവും കൂടുതല്‍ ഹിജ്‌ഡ വ്യാപാരം മുറക്കെ നടന്നിരുന്ന ഒരു സ്ഥലമായിരുന്നു ബാഗിര്‍മി. മദ്ധ്യ പൂര്‍വ്വ രാജ്യങ്ങളിലെ പല സ്ഥലങ്ങളിലും ഇന്നും നപുംസകങ്ങളെ പോറ്റിപ്പോരുന്നുണ്ടെന്ന്‌ പറഞ്ഞ്‌ കേള്‍ക്കുന്നു. ഒന്ന്‌ കൃത്രിമ നപുംസകന്മാരും മറ്റേത്‌ യഥാര്‍ത്ഥ നപുംസകന്മാരും…..
കൃത്രിമ നപുംസകന്മാരെ `ടോപീവാലാ’ എന്നും മറ്റവരെ `ചാന്ദ്‌നീവാലാ’ എന്നും വിളിക്കുന്നു. ടോപീവാലാ സാധാരണ പുരുഷന്മാര്‍ തന്നെയാണ്‌. അവര്‍ ഹിജ്‌ഡകളായി നടിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ഇവരില്‍ തന്നെ മൂന്ന്‌ അവാന്തര വിഭാഗങ്ങളുണ്ട്‌. ആ വിഭാഗങ്ങള്‍ മിര്‍സായി, മഹാവതി, റോണായി എന്നീ പേരുകളിലാണറിയപ്പെട്ട്‌ വരുന്നത്‌. അവര്‍ യഥാക്രമം രാജകുടുംബത്തിന്റെയും മന്ത്രികുടുംബത്തിന്റെയും രാജദൂതകുടുംബത്തിന്റെയും പിന്തുടര്‍ച്ചക്കാരാണെന്നവകാശപ്പെടുന്നു.
യഥാര്‍ത്ഥ നപുംസകന്മാരായ `ചാന്ദ്‌നി’ വര്‍ഗ്ഗക്കാര്‍ `ടോപ്പിവാല’ കളെ അവജ്ഞയോടെയാണ്‌ വീക്ഷിക്കുന്നത്‌. ചാന്ദ്‌നിവാലാ വര്‍ഗ്ഗത്തില്‍ നാലു അവാന്തര വിഭാഗങ്ങളുണ്ട്‌. അവയുടെ പേര്‌ ഗംഗാരാമി, സുജനി, കല്ല്യാണി, ഫെറോസി…. എന്നിങ്ങനെയാണ.്‌ ഈ പേരുകള്‍ ആ പ്രസ്ഥാനത്തിന്റെ സ്ഥാപകന്മാരുമായി ബന്ധപ്പെട്ടതാകുന്നു. അവര്‍ ജന്മനാ നപുംസകന്മാരായിരുന്നുവത്രേ. പുരുഷന്മാരെ ഉടയെടുത്ത്‌ തങ്ങളുടെ വര്‍ഗ്ഗത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു അവര്‍ അവരുടെ ശിഷ്യ ഗണത്തിന്‌ നല്‍കി വരുന്ന ഉപദേശം.
ഗംഗാരാമി വിഭാഗത്തില്‍പ്പെട്ട `ലഷ്‌കാരികള്‍’ക്ക്‌ (സൈന്യങ്ങള്‍ക്ക്‌) നികുതി പിരിക്കാനുള്ള അംശങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തങ്ങളുടെ കലാ പ്രദര്‍ശനങ്ങള്‍ക്ക്‌ പ്രതിഫലമായി നല്‍കുന്ന പാരിതോഷികങ്ങള്‍ക്കാണ്‌ അവര്‍ നികുതിയെന്ന്‌ പറയുന്നത്‌.
പുരുഷന്മാരെ ഉടയെടുത്ത്‌ നപുംസകന്മാരാക്കുന്നതിന്‌ മൂന്ന്‌ ഘട്ടങ്ങളുണ്ടെന്ന്‌ പറയപ്പെടുന്നു. വഴികൊടുക്കല്‍, ഉത്സവരാത്രി, കാളിരാത്രി എന്നിവയാണത്‌.
വഴികൊടുക്കല്‍:
വല്ല വിധത്തിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു ആണ്‍കുട്ടിയെ പല തരത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കി അവനെ `ഹിജ്‌ഡകള്‍’ തങ്ങളുടെ സങ്കേതങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകും. അവിടെ ചെന്നാല്‍ ഹൃദയംഗമായ സ്വീകരണമാണ്‌ അവന്‌ ലഭിക്കുക. എല്ലാവിധത്തിലുള്ള സുഖ സൗകര്യങ്ങള്‍ അവന്‌ നല്‍കും. അങ്ങനെ നപുംസുകന്മാരുടെ സമുദായത്തില്‍ ഇണങ്ങിച്ചേരാനുള്ള മനഃസ്ഥിതി അവനു ഉണ്ടാക്കിയെടുക്കും. ഈയവസരത്തില്‍ അല്‍പാല്‍പം ലഹരി പദാര്‍ത്ഥങ്ങളും നല്‍കിക്കൊണ്ടിരിക്കും. പ്രായം ചെന്ന ഹിജ്‌ഡകള്‍ ഷണ്ഡത്വത്തിന്റെ മഹത്വങ്ങള്‍ അവന്ന്‌ വിവരിച്ച്‌ കൊടുക്കും. നപുംസകന്മനാരുടെ ദേവതയായ `നാണ്ഡിമായി’ യുടെ ആത്മീയ ശക്തി അവന്ന്‌ പകര്‍ന്ന്‌ കൊടുക്കുന്നതോടെ അവന്‍ അവരിലൊരാളായിമാറും.
ഉത്സവ രാത്രി:-
ഈ വിജയം ആഡംബര പൂര്‍വ്വം അവര്‍ കൊണ്ടാടുന്നു. കുട്ടിയെ ചമയിച്ച്‌ സുഗന്ധ ദ്രവ്യങ്ങള്‍ പൂശി വീട്ട്‌ മുറ്റത്തിന്റെ നടുവില്‍ കസേരയിലിരുത്തും. വാദ്യങ്ങളും താളമേളങ്ങളും, നൃത്തങ്ങളും ഉണ്ടായിരിക്കും. അടുത്ത പ്രദേശങ്ങളിലെ നപുംസകന്മാരെല്ലാവരും ആ രാത്രിയില്‍ പങ്കുകൊള്ളും. ഏറ്റവും പ്രായം ചെന്ന നപുംസകനായ അവരുടെ ഗുരു തീകത്തിച്ച്‌ ആ തീയില്‍ നെയ്യൊഴിക്കും. തീ ആളിക്കത്തുന്നതോടെ ആ കുട്ടിയുടെ മേല്‍ ആശിര്‍വാദങ്ങള്‍ ചൊരിയുകയും നാണ്ഡിമായി നിന്നെ സ്വീകരിച്ചിരിക്കുന്നുവെന്ന്‌ പറയുകയും ചെയ്യും. അവരെ സംബന്ധിച്ചിടത്തോളം ആ രാത്രി ഒരു ഉത്സവ രാത്രി തന്നെയാണ്‌.
കാളിരാത്രി:-
കറുത്തവാവ്‌ എന്നര്‍ത്ഥമുള്ള കാളിരാത്രിയില്‍ ഗുരു ആ കുട്ടിയെ ഒരു ഒഴിഞ്ഞ വീട്ടിലേയ്‌ക്ക്‌ കൂട്ടികൊണ്ട്‌ പോകുന്നു. അവരോടൊന്നിച്ച്‌ ഒരു സര്‍ജ്ജനുമുണ്ടാകും. മിക്കവാറും ആ വീട്‌ നഗരങ്ങളുടെ ഒച്ചപ്പാടില്‍ നിന്നും അകന്ന ഒരു പ്രദേശത്തായിരിക്കും. അവിടെ ചെന്നാല്‍ കുട്ടിക്ക്‌ പതിവ്‌ പോലെ ഒരു പാനീയം നല്‍കും. അത്‌ കുടിച്ചാല്‍ അവന്‍ ബോധം കെട്ട്‌ വീഴും അതിന്‌ ശേഷം ഒരു കുഴികുഴിക്കും. ആ കുഴിയിലേക്ക്‌ തേങ്ങ, മാവ്‌, നെയ്യ്‌, ഗോതമ്പ്‌, അരി, പലവര്‍ണ്ണത്തിലുള്ള മന്ത്രച്ചരട്‌ എന്നിവ എറിയും. പിന്നീട്‌ ആ കുട്ടിയെ കുഴിയുടെ വക്കത്തേക്ക്‌ കൊണ്ട്‌ വരികയായി. അവിടെ വെച്ചാണ്‌ അവന്റെ മേല്‍ ശസ്‌ത്രക്രിയ നടത്തുന്നത്‌. ശേഷം രക്തം അവന്റെ മുഖത്ത്‌ പുരട്ടും. അതോട്‌ കൂടി ആ കര്‍മ്മവും അവസാനിക്കും. നപുംസകന്മാര്‍ ഈ രാത്രിക്ക്‌ കാളിരാത്രി എന്നാണ്‌ പേര്‍ പറയുന്നത്‌.
ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മുറിവ്‌ ഉണങ്ങുന്നതോടെ അവന്‍ വില്‍പ്പനയ്‌ക്ക്‌ പറ്റിയ ഒരു അടിമയായി മാറുന്നു. `നഗ്ന ഖണ്ഡ്‌ഗം ‘ എന്നാണ്‌ ഇപ്പോഴത്തെ അവന്റെ സ്ഥാനപ്പേര്‌. അവനിപ്പോള്‍ പല ഭാഗത്ത്‌ നിന്നും ഓഫറുകള്‍ വരുന്നു. അവന്‍ സുമുഖനും, പാട്ടു പാടുന്നതിലും നൃത്തം ചവിട്ടുന്നതിലും സമര്‍ഥനാണെങ്കില്‍ അവന്റെ വില ഉയര്‍ന്നതായിരിക്കും.
നമ്മുടെ സംസ്ഥാനമായ കേരളത്തിലുമുണ്ട്‌ ഹിജഡകള്‍. ഇവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട്‌ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്‌. സാമൂഹിക ഭ്രഷ്‌ട്‌ കല്‍പ്പിക്കുക മാത്രമല്ല. പലരും അവരെ പല വിധത്തില്‍ ആക്രമിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു.
റോഡിലൂടെ സ്വതന്ത്രമായി നടന്നു പോകാന്‍ വരെ ജനങ്ങള്‍ അവരെ അനുവദിക്കുന്നില്ല. പഴയ രാജവാഴ്‌ച കഴിഞ്ഞതോടെ ജോലി നഷ്‌ടപ്പെട്ടവരായി ഹിജ്‌ഡകള്‍ ഇന്നും പട്ടിണിയില്‍ കഴിയുന്നു. തീവണ്ടികളില്‍ കയറി കൈരണ്ടും കൂട്ടിയടിച്ച്‌ ശബ്‌ദമുണ്ടാക്കി പിച്ചയെടുത്ത്‌ ജീവിക്കുന്നവരും കുറവല്ല. സാധാരണ ഒരു പൗരന്‌ കിട്ടുന്ന അവകാശങ്ങളൊന്നും ഹിജ്‌ഡകള്‍ക്ക്‌ കിട്ടുന്നില്ല എന്ന പരാതി വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഈ അടുത്ത കാലത്ത്‌ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏഴയലത്ത്‌ പോലും പ്രവേശിക്കാനുള്ള അവകാശവും അനുവാദവും അവര്‍ക്കില്ലായിരുന്നു. നീതി നഷ്‌ടപ്പെട്ട അര്‍ദ്ധ ജന്മങ്ങളായി കഴിഞ്ഞ്‌ പോന്ന ഹിജ്‌ഡകള്‍ക്ക്‌ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസം നടപ്പാക്കാന്‍ പദ്ധതിയിട്ടത്‌ ഒരാശ്വാസമാണ്‌.
കേരളത്തില്‍ ട്രാന്‍സ്‌ ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചിട്ട്‌ രണ്ട്‌ വര്‍ഷം തികയുന്നു. ഇതിനകം ഇരുപത്തി മൂന്ന്‌ ഹിജ്‌ഡകള്‍ക്ക്‌ കൊച്ചി മെട്രോയില്‍ താല്‍ക്കാലിക ജോലി നല്‍കി. എന്ത്‌ ജോലിയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന അവരെ ആണും പെണ്ണും കെട്ടവരെന്ന്‌ പറഞ്ഞ്‌ പരിഹസിക്കാതെ, ഭ്രഷ്‌ട്‌ കല്‍പ്പിക്കാതെ ജോലി ചെയ്യാനനുവദിക്കുക. അവരും മനുഷ്യരാണ്‌-ജീവിക്കാന്‍ വിടുക.

NO COMMENTS

LEAVE A REPLY