മുരഹരി; സൗഹൃദത്തിന്റെ യവനിക

0
54


ഗോപി കുറ്റിക്കോല്‍
കൃത്യം ഒന്നരമാസം മുമ്പ്‌ മുരഹരിയെ ഫോണില്‍ ബന്ധെപ്പട്ടു. ഷേക്‌സ്‌പിയറിന്റെ റോമിയോ ആന്റ്‌ ജൂലിയറ്റ്‌ എന്ന നാടകത്തിന്റെ മലയാള അവതരണത്തിന്‌ കോസ്റ്റ്യൂം തയ്യാറാക്കുന്നതിന്‌ ചുമതലപ്പെടുത്താനായിരുന്നു. വളരെ സന്തോഷത്തോടെ സമ്മതിച്ച മുരഹരി ഫോണ്‍ വെക്കുന്നതിനു മുമ്പ്‌ ഒരു കാര്യം കൂടി പറഞ്ഞു. പെട്ടെന്ന്‌ സാധനങ്ങള്‍ വാങ്ങിത്തരണം, നിന്റെ നാടകത്തിനാകുമ്പോള്‍ ചെയ്‌തു തരുന്നതില്‍ സന്തോഷമുണ്ട്‌. ചെലപ്പോ ഇനി പറ്റിയില്ലെങ്കിലോ? വാക്കുകളിലെ കാമ്പ്‌ അന്നെനിക്കു മനസ്സിലായിരുന്നില്ല. എന്നാല്‍ പിന്നീട്‌ ഞാന്‍ എന്റെ തീരുമാനം മാറ്റുകയും റോമിയോ ആന്റ്‌ ജൂലിയറ്റിന്‌ പകരം ബോബ്‌മാര്‍ലിയെന്ന ആഫ്രിക്കന്‍ ഗായകന്റെ ജീവിതം നാടകമാക്കുകയും ചെയ്‌തു. അതിനാല്‍ കോസ്റ്റ്യൂംസ്‌ മുരഹരിയില്‍ നിന്ന്‌ മാറ്റി. ഇന്നലെ മുരഹരിയുടെ മൃതദേഹത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ ഷേക്‌സ്‌പിയറിന്റെ ദുരന്തനാടകത്തിന്‌ തിരശ്ശീല വീണ പ്രതീതി. പ്രായം തളര്‍ത്തിയ അച്ഛന്റെ മോനേ ഇനി എന്നും രാത്രി എനിക്കാരു ഫോണ്‍ ചെയ്യും? എന്ന വിലാപവും. ഏക മകന്‍ വെളുത്ത മുണ്ടുടുത്ത്‌ ദുഃഖകഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു നിശ്ചലനായി നില്‍ക്കുകയും ചെയ്യുന്നു. വീടിന്റെ പിന്നാമ്പുറത്ത്‌ പൂര്‍ത്തിയാക്കാത്ത ചമയകോപ്പുകള്‍ ഏതോ നാടകത്തിനുവേണ്ടി തയ്യാറാക്കി കൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടീസ്‌ കോസ്‌റ്റിയൂമുകള്‍….
ഒരു ലളിത നാടകമായിരുന്നു മുരഹരിയുടെ ജീവിതം. സങ്കീര്‍ണ്ണതകളോ ഗഹനതയോ ഇല്ലാത്ത ഒഴുക്ക്‌. ഇടപെടലുകളിലെ നിഷ്‌ങ്കളങ്കത, മുറുക്കി ചുവന്ന വായകൊണ്ടുള്ള ചിരി, ഏതു സംഭവം കേള്‍ക്കുമ്പോഴും അത്ഭുതത്തോടെയുള്ള നോട്ടം-ഇതാണ്‌ ഒറ്റയടിക്ക്‌ മുരഹരി. കറ കളഞ്ഞ ആത്മാര്‍ത്ഥത ജീവിതത്തിലും അരങ്ങിലും മുരഹരി കാണിച്ചു. നാടകം ജീവിതത്തിലേക്ക്‌ മുരഹരി പറിച്ചു നട്ടില്ല. പക്ഷേ അരങ്ങിലേക്ക്‌ ജീവിതം മാറ്റിവെച്ചു. സംവിധായകനായും നടനായും വസ്‌ത്രാലങ്കാരകനായും മികച്ച സംഘാടകനായും ശോഭിച്ചു ഈ കലാകാരന്‍. ചെറുപ്രായത്തില്‍ തന്നെ കന്നഡ നാടകമേഖലയില്‍ തന്റേതായ അടയാളപ്പെടുത്തലുണ്ടാക്കി. കേരള സംഗീത നാടക അക്കാദമി 2000ത്തില്‍ ഷേക്‌സ്‌പിയര്‍ നാടകോത്സവം നാടകഭാരതി എന്ന പേരില്‍ കാസര്‍കോട്ട്‌ സംഘടിപ്പിച്ചപ്പോള്‍ പ്രചാരണ പ്രവര്‍ത്തനത്തിലെ കലാശില്‍പ്പങ്ങള്‍ മുഴുവനും ഉണ്ടാക്കിയത്‌ മുരഹരിയായിരുന്നു. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും എത്തിയ കലാകാരന്മാരെ മുഴുവനും ആകര്‍ഷിച്ചതായിരുന്നു അവ. ഒട്ടേറെ അവസരങ്ങളില്‍ മലയാള നാടകവേദി മുരഹരിയുടെ കഴിവ്‌ പല രൂപത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. ഞാന്‍ ആദ്യമായി ഒരു കര്‍ണ്ണാടക നാടകം കാണുന്നത്‌ മുരഹരി സംവിധാനം ചെയ്‌ത `ചക്രം’ ആണ്‌. 20 വര്‍ഷം മുമ്പാണത്‌. അന്നു തന്നെ സംവിധാനത്തില്‍ പ്രതിഭ തെളിയിച്ച കലാകാരനാണെന്ന്‌ ചക്രത്തിലൂടെ മുരഹരി തെളിയിച്ചിരുന്നു. കന്നഡ നാടക സംവിധായകന്‍ എ.സി.രാമ മംഗലാപുരത്ത്‌ നടത്തിയ 10 ദിവസത്തെ നാടക ക്യാമ്പില്‍ എന്റെ `മിസ്‌. ഗീ’ എന്ന മലയാള നാടകം അവതരിപ്പിച്ചത്‌ മുരഹരിയുടെ ക്ഷണമനുസരിച്ചാണ്‌. ഏതു സംഭവമായാലും ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത്‌ വിജയിപ്പിക്കാനുള്ള കഠിന പരിശ്രമത്തില്‍ ഏര്‍പ്പെടാന്‍ മുരഹരിക്ക്‌ മടിയില്ല. കാസര്‍കോട്‌ ചിന്ന, ഉമേശ്‌ ശാലിയന്‍, സുബ്ബണ്ണ ഷെട്ടി, പ്രദീപ്‌ കാസര്‍കോട്‌ എന്നിവരോടൊപ്പം പല കന്നട നാടക കൂട്ടായ്‌മയിലും മുരഹരി പങ്കാളിയായിരുന്നു. മുരഹരി ഉയര്‍ത്തിയ സൗഹൃദത്തിന്റെ യവനിക കാസര്‍കോട്ട്‌ താഴില്ല.

NO COMMENTS

LEAVE A REPLY