മാവോയിസ്റ്റുകള്‍ പുതിയദളം രൂപീകരിച്ചു; എട്ടംഗ സംഘം കേരളത്തില്‍

0
115


കണ്ണൂര്‍:മലപ്പുറം, നിലമ്പൂര്‍, കരുളായി വനത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പു മാവോയിസ്റ്റു നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാന്‍ മാവോയിസ്റ്റുകള്‍ പുതിയദളം രൂപീകരിച്ചു. `വരാഹി’എന്ന പേരില്‍ രൂപീകരിച്ച ദളത്തില്‍ എട്ടുപേരാണ്‌ ഉള്ളതെന്നും ഇന്റലിജന്‍സിനു വിവരം ലഭിച്ചു. ഏതു സമയത്തും കനത്ത തോതിലുള്ള അക്രമണത്തിനു സാധ്യതയുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പു നല്‍കി.
കേരളത്തില്‍ മാവോയിസ്റ്റ്‌ പ്രത്യാക്രമണത്തിനു സാധ്യത ഉണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സി(ഐ ബി) അടുത്തിടെ സംസ്ഥാന ഇന്റലിജന്‍സിനു മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യത്തെ മറ്റു ഭാഗങ്ങളിലെന്ന പോലെ വേനല്‍ കാലത്തു തന്നെയായിരിക്കും കേരളത്തിലും ആക്രമണമെന്നായിരുന്നു റിപ്പോര്‍ട്ട്‌. ഇതിനുതൊട്ടുപിന്നാലെയാണ്‌ കേരള, കര്‍ണ്ണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമായ ട്രൈജംഗ്‌ഷന്‍ കേന്ദ്രീകരിച്ച്‌ പുതിയ ദളം രൂപീകരിച്ചത്‌. ഇതോടെ കേരളത്തില്‍ ഉണ്ടായിരുന്ന മൂന്നു മാവോയിസ്റ്റ്‌ ദളങ്ങള്‍ നാലായി. നാടുകാണി, അട്ടപ്പാടി, ഭവാനി എന്നിവയാണ്‌ മറ്റു ദളങ്ങള്‍. വയനാട്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, ജില്ലകളില്‍ അതീവജാഗ്രതയ്‌ക്കു നിര്‍ദ്ദേശമുണ്ട്‌.
കാസര്‍കോട്ടും ജാഗ്രതയ്‌ക്കു നിര്‍ദ്ദേശമുണ്ട്‌. നിലമ്പൂരില്‍ മാവോയിസ്റ്റ്‌ വേട്ട യ്‌ക്കു മേല്‍നോട്ടം നല്‍കിയ ജില്ലാ പൊലീസ്‌ ചീഫ്‌ ദേവ്‌ കുമാര്‍ ബെഹ്‌റയ്‌ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു.

NO COMMENTS

LEAVE A REPLY