കേരളകോണ്‍ഗ്രസ്‌ പിളര്‍പ്പിലേക്ക്‌

0
110


തിരു: കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പില്‍ സി പി എമ്മുമായി കൂട്ടുചേര്‍ന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ്സ്‌ മാണി ഗ്രൂപ്പില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമായി. ഇടത്തോട്ട്‌ ചായാനുള്ള കെ എം മാണിയുടെ നീക്കം പാര്‍ട്ടിയെ മറ്റൊരു പിളര്‍പ്പിലേക്ക്‌ എത്തിക്കുമോ എന്നാണ്‌ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്‌.
നേരത്തെ യു ഡി എഫ്‌ വിടാനുള്ള തീരുമാനമെടുത്തപ്പോള്‍ തന്നെ ഇടതു പക്ഷത്തേക്കില്ലെന്ന്‌ തുറന്നു പറഞ്ഞ പഴയ ജോസഫ്‌ ഗ്രൂപ്പാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത്‌ വന്നത്‌. കോട്ടയത്ത്‌ പാര്‍ട്ടി കൈക്കൊണ്ട നിലപാട്‌ ശരിയല്ലെന്ന്‌ വിമര്‍ശിച്ച്‌ പി ജെ ജോസഫ്‌ തന്നെ രംഗത്തെത്തി. കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായത്‌ നിര്‍ഭാഗ്യകരമായ സംഭവമാണെന്ന്‌ പി ജെ ജോസഫ്‌ പറഞ്ഞു. സി പി എമ്മിന്റെ പിന്തുണ തേടുന്ന കാര്യത്തെ കുറിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തിട്ടില്ല. എല്‍ ഡി എഫില്‍ ചേരുന്ന കാര്യവും പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ല. പ്രാദേശികതലത്തില്‍ യു ഡി എഫുമായി യോജിച്ച്‌ പോകാനായിരുന്നു ചരല്‍ക്കുന്ന്‌ ക്യാമ്പിലെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ജില്ലാ പഞ്ചായത്തിലെ തീരുമാനം വന്നതിന്‌ പിന്നാലെ കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന ആക്ഷേപം ശരിയാണെന്ന്‌ ജോസഫ്‌ ഗ്രൂപ്പിലെ മോന്‍സ്‌ ജോസഫ്‌ എം എല്‍ എയും വ്യക്തമാക്കിയിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ സി പി എം കൂട്ടുകെട്ടിനെ ചൊല്ലി മാണി ഗ്രൂപ്പില്‍ വന്‍ പൊട്ടിത്തെറിയാണ്‌ നടക്കുന്നത്‌.
കോണ്‍ഗ്രസ്സുമായുണ്ടാക്കിയ ധാരണ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച്‌ കേരള കോണ്‍ഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡണ്ട്‌ ഇ എം അഗസ്‌റ്റി രാജിവെച്ചു. കെ എം മാണിയുമായി ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കളില്‍ ഒരാളാണ്‌ ഇ എം അഗസ്‌റ്റി.
അതേ സമയം മാണിയെ എല്‍ ഡി എഫിലേക്ക്‌ കൊണ്ടുവരുന്നത്‌ ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്ന്‌ സി പി എം പറയുന്നു. അതേ സമയം സി പി എം കൂട്ടുകെട്ട്‌ പാര്‍ട്ടിയില്‍ ഉണ്ടാക്കിയ കടുത്ത ഭിന്നതയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ. എം മാണി തന്നെ വിവാദം തണുപ്പിക്കാന്‍ രംഗത്തെത്തി.
ഒടുവില്‍ കോട്ടയത്തേത്‌ നിര്‍ഭാഗ്യകരമായ സംഭവമായി പോയെന്ന്‌ കെ എം മാണി തുറന്നു പറഞ്ഞു. ഇത്‌ പാര്‍ട്ടി വിലയിരുത്തും. പി ജെ ജോസഫുമായി തനിക്ക്‌ അഭിപ്രായ വ്യത്യാസമില്ല. പ്രാദേശിക തലത്തിലുണ്ടായ ഈ നീക്കുപോക്ക്‌ ഏതെങ്കിലുമൊരു കൂട്ടുകെട്ടിലേക്കുള്ള ചവിട്ടുപടിയായി കാണേണ്ടതില്ല. സി പി എമ്മുമായി കൂട്ടുകൂടാത്തവര്‍ ആരുണ്ട്‌. സി പി എമ്മുമായി കോണ്‍ഗ്രസ്‌ കൂട്ടുകൂടിയിട്ടുണ്ടെന്നും മാണി പറഞ്ഞു.

NO COMMENTS

LEAVE A REPLY