രാമക്ഷേത്രം നിര്‍മ്മിക്കും; നിയമത്തില്‍ വിശ്വസിക്കാത്തവര്‍ യു പി വിടണം: ആദിത്യനാഥ്‌

0
152


ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും, സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചു പൂട്ടുമെന്നും പ്രഖ്യാപിച്ച ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, നിയമത്തില്‍ വിശ്വാസമില്ലാത്തവരോട്‌ സംസ്ഥാനം വിട്ടുപോകാനും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായതിന്‌ ശേഷം ഒരു ടി വി ചാനലിന്‌ ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ്‌ യോഗി ആദിത്യനാഥ്‌ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.
ഉത്തര്‍ പ്രദേശ്‌ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന പ്രചരണായുധം രാമക്ഷേത്ര നിര്‍മ്മാണമായിരുന്നു. അധികാരത്തിലെത്തി ഒരു മാസം തികയും മുമ്പേ തന്നെ ഈ വാഗ്‌ദാനം നടപ്പാക്കാനുള്ള തീരുമാനവുമായാണ്‌ ബി ജെ പി മുന്നോട്ട്‌ പോകുന്നത്‌.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്‌ സമവായമുണ്ടാക്കാന്‍ ഇരുപക്ഷത്തുള്ളവരും തമ്മില്‍ ഒരുമിച്ച്‌ സമാധാനപൂര്‍വ്വമായ തീരുമാനമെടുക്കണമെന്നും, അല്ലെങ്കില്‍ നിയമത്തില്‍ വിശ്വസിക്കാത്തവര്‍ക്ക്‌ യു പി വിട്ടു പോകാമെന്നുമാണ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്‌. സംസ്ഥാനത്തെ മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചു പൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അറവുശാലകള്‍ മലിനീകരണത്തിന്‌ കാരണമാകുന്ന പശ്ചാത്തലത്തിലാണ്‌ ഈ തീരുമാനമെന്നും ഇതുമായി മുന്നോട്ടു പോകുമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY