കാറും ലോറിയും കൂട്ടിയിടിച്ച്‌ നീലേശ്വരത്തെ വ്യാപാരി മരിച്ചു; ഭാര്യാ സഹോദരനു ഗുരുതരം

0
157


നീലേശ്വരം: കാറും ലോറിയും കൂട്ടിയിടിച്ച്‌ വ്യാപാരി മരിച്ചു. ഭാര്യാ സഹോദരനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം ബസ്‌സ്റ്റാന്റിനു സമീപത്തെ താരാ കോംപ്ലക്‌സിലെ `സിസ്റ്റം നീഡ്‌സ്‌’ കമ്പ്യൂട്ടര്‍ ഷോപ്പ്‌ ഉടമ സന്തോഷ്‌ കുമാര്‍(32) ആണ്‌ മരിച്ചത്‌. ഭാര്യാ സഹോദരന്‍ ഉണ്ണികൃഷ്‌ണ (38)നാണ്‌ പരിക്കേറ്റത്‌. നീലേശ്വരം പൂവാലകൈ, പുത്തരിയടുക്കം സ്വദേശിയാണ്‌ സന്തോഷ്‌ കുമാര്‍.ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്ക്‌ ദേശീയ പാതയിലെ പിലിക്കോട്‌, തോട്ടം ഗേറ്റിനു സമീപത്താണ്‌ അപകടം.
പരപ്പയില്‍ അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിലേയ്‌ക്കുള്ള സാധനങ്ങള്‍ക്കു ഓര്‍ഡര്‍ നല്‍കി മലപ്പുറത്തു നിന്നു നാട്ടിലേയ്‌ക്ക്‌ മടങ്ങുകയായിരുന്നു സന്തോഷ്‌ കുമാറും ഭാര്യാ സഹോദരന്‍ ഉണ്ണികൃഷ്‌ണനും.
കാട്ടിപ്പൊയില്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. ഉഷയാണ്‌ ഭാര്യ. തേജസ്‌ ഏക മകന്‍. കര്‍ണ്ണാടക- പൊതുമരാമത്ത്‌ വകുപ്പില്‍ നിന്നു വിരമിച്ച ബാലകൃഷ്‌ണന്‍- തങ്കമണി മാതാപിതാക്കളാണ്‌. അജിത സഹോദരിയാണ്‌. അപകടത്തില്‍ ചന്തേര പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY