അംഗന്‍വാടി ടീച്ചര്‍ ആയിഷയുടെ മരണം: കുറ്റവാളിയെ കണ്ടെത്താന്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയില്‍ ഭിന്നത

0
133


കുമ്പഡാജെ: മുനിയൂര്‍ അംഗന്‍വാടി ടീച്ചര്‍ ആയിഷയുടെ മരണം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയില്‍ ഭിന്നത. താന്‍ സ്ഥാനം ഒഴിഞ്ഞെന്ന്‌ ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശൈലജ ഭട്ട്‌ അറിയിച്ചു. താന്‍ ഇനി ആക്ഷന്‍ കമ്മിറ്റി യോഗത്തിന്‌ ഇല്ലെന്നും, സമരം രാഷ്‌ട്രീയമായി നടത്തുമെന്നും മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റുകൂടിയായ ശൈലജ ഭട്ട്‌ പറഞ്ഞു.രണ്ട്‌ മാസം മുമ്പാണ്‌ അംഗന്‍വാടി ടീച്ചര്‍ ആയിരുന്ന ആയിഷ, ഏത്തടുക്ക ആനപ്പള്ളയിലുള്ള സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്‌. ആയിഷക്ക്‌ ഒരു കരാറുകാരനുമായി പ്രണയമായിരുന്നുവെന്നും, അത്‌ കരാറുകാരന്റെ ബന്ധുവായ ഗ്രാമപഞ്ചായത്ത്‌ പ്രതിനിധി ചോദ്യം ചെയ്‌തിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ആയിഷയുടെ മരണം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഏത്തടുക്കയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആയിഷയുടെ വീട്‌ ഉള്‍പ്പെടുന്ന വാര്‍ഡ്‌ പ്രതിനിധിയായ ബി ജെ പിയിലെ ശൈലജ ഭട്ട്‌ ചെയര്‍പേഴ്‌സണ്‍, സി പി എം പ്രാദേശിക നേതാവ്‌ കുഞ്ഞികൃഷ്‌ണന്‍ കണ്‍വീനര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തിരുന്നു. മുസ്ലീംലീഗ്‌, കോണ്‍ഗ്രസ്‌, ബി ജെ പി ജനപ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതല്ലാതെ ഒരാളെ കാണാനോ, ഒരു നിവേദനം നല്‍കാനോ ആക്ഷന്‍ കമ്മിറ്റിയിലെ മറ്റു ഭാരവാഹികള്‍ തയ്യാറായിട്ടില്ലെന്നും ശൈലജ ഭട്ട്‌ പറയുന്നു. അന്വേഷണം നടത്തുന്ന ഡിവൈ എസ്‌ പിയെ കാണാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. മുഖ്യമന്ത്രിക്കും ഡി ജി പിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും അതിലും സഹ ഭാരവാഹികള്‍ സഹകരിച്ചില്ലെന്ന്‌ പറഞ്ഞു. കമ്മിറ്റി രൂപീകരിച്ചതിന്‌ ശേഷം നാല്‌ യോഗങ്ങളാണ്‌ നടന്നത്‌. ഇതില്‍ മുസ്ലീംലീഗ്‌ അംഗങ്ങള്‍ ഒഴികെ മറ്റുള്ളവര്‍ പങ്കെടുത്തില്ല. പിന്നെ എന്തിനാണ്‌ ആക്ഷന്‍ കമ്മിറ്റി ശൈലജ ഭട്ട്‌ ചോദിക്കുന്നത്‌. ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ ഭട്ട്‌ മഹിളാ മോര്‍ച്ച പരിപാടിയില്‍ പങ്കെടുത്തത്‌ ശരിയല്ലെന്ന്‌ കണ്‍വീനര്‍ കുഞ്ഞികൃഷ്‌ണന്‍ പറഞ്ഞു. ആയിഷയുടെ മരണത്തിലെ കുറ്റവാളികളെ കണ്ടെത്താന്‍ വേണ്ടിയാണ്‌ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്‌. എന്നാല്‍ അതേ ആവശ്യമുന്നയിച്ച്‌ മഹിളാ മോര്‍ച്ച നടത്തിയ സമരത്തില്‍ അവര്‍ ആയിഷയുടെ മാതാ-പിതാക്കളെ പങ്കെടുപ്പിച്ചു. മാത്രമല്ല, ആ സമരത്തില്‍ സി പി എം നേതാക്കളെ വിമര്‍ശിക്കുകയും ചെയ്‌തു. അടുത്ത ആഴ്‌ച്ച ആക്ഷന്‍ കമ്മിറ്റി യോഗം കൂടുമെന്നും ശൈലജ ഭട്ടനെ ക്ഷണിക്കുമെന്നും കുഞ്ഞികൃഷ്‌ണന്‍ പറഞ്ഞു.എന്നാല്‍ ആക്ഷന്‍ കമ്മിറ്റി ഇനി പ്രയോഗത്തിലില്ലെന്നും ആയിഷയുടെ മരണത്തിലെ ദുരൂഹത പുറത്ത്‌ കൊണ്ടുവരാന്‍ അല്ലാതെ തന്നെ സമരം ശക്തമാക്കുമെന്നും ശൈലജ ഭട്ട്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY