പഞ്ചവാദ്യം

0
1324


കേരളത്തിനു തനതായ വാദ്യ പാരമ്പര്യമുണ്ട്‌. അതിനു അനുസരിച്ചുള്ള വാദ്യോപകരണങ്ങളും വാദ്യ സമ്പ്രദായങ്ങളുമുണ്ട്‌. കേരളത്തിലെ പ്രധാന വാദ്യങ്ങളില്‍ ഒന്നാണ്‌ പഞ്ചവാദ്യം. ഇതിനു അതിന്റേതായ ഉത്സവചരിത്രവും മേള സമ്പ്രദായവുമുണ്ട്‌. വാദ്യത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ്‌ ഇത്തവണ
– കുഞ്ഞേട്ടന്‍
ഇടയ്‌ക്ക, ഇലത്താളം, തിമില, ശംഖ്‌, മദ്ദളം ഈ അഞ്ചിനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വാദ്യമാണ്‌ പഞ്ചവാദ്യം. പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച്‌ പതിവുള്ള ഒരു അനുഷ്‌ഠാനവാദ്യമാണ്‌. എന്നാല്‍ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതില്‍ നിന്നും വ്യത്യസ്‌തമാണ്‌. തിമില, ശുദ്ധമദ്ദളം, കൊമ്പ്‌, ഇടയ്‌ക്ക, ഇലത്താളം, ശംഖ്‌ (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ്‌ വിളിക്കുകയുള്ളൂ) എന്നിവയാണ്‌.
പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാന്‍ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത്‌ ഒരു ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയില്‍ പഞ്ചവാദ്യം ക്രമീകരിച്ചത്‌ തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി, അന്നമനട പീതാംബരമാരാര്‍, അന്നമനട അച്യുതമാരാര്‍, അന്നമനട പരമേശ്വരമാരാര്‍, പട്ടാരത്ത്‌ ശങ്കരമാരാര്‍ തുടങ്ങിയവരാണ്‌.

പഞ്ചവാദ്യ മേളം
ഒരു പഞ്ചവാദ്യത്തില്‍ സാധാരണഗതിയില്‍ മേളക്കാരുടെ എണ്ണം നാല്‌പതാണ്‌. പതിനൊന്നു തിമിലക്കാര്‍, അഞ്ചു മദ്ദളം, രണ്ടു ഇടയ്‌ക്ക, പതിനൊന്നു കൊമ്പ്‌, പതിനൊന്ന്‌ ഇലത്താളം ഇങ്ങനെയാണ്‌ അതിന്റെ ഉപവിഭജനം ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിര്‍ണയിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയില്‍ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നില്‍അണിനിരിക്കുന്നത്‌ ഇലത്താളക്കാരാണ്‌. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്‌. ഈ വാദ്യനിരയുടെ രണ്ടറ്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക്‌ അതായത്‌ മധ്യഭാഗത്ത്‌ തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവര്‍ നിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ്‌ ശംഖിന്റെ സ്ഥാനം. ശംഖു വിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ്‌ സാധാരണയായി പഞ്ചവാദ്യം അവതരിപ്പിച്ചു വരുന്നത്‌. മധ്യകേരളത്തിലാണ്‌ പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്‌തമായ പഞ്ചവാദ്യാവതരണം തൃശൂര്‍ പൂരത്തിനാണ്‌. മഠത്തില്‍ വരവ്‌ പഞ്ചവാദ്യം എന്നാണ്‌ തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്‌. തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ്‌ ഇത്‌ അവതരിപ്പിക്കുക.മറ്റൊരു പഞ്ചവാദ്യ വേദി തൃപൂണിതുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോഉത്സവത്തിനോട്‌ അനുബന്ധിച്ച്‌ ആണ്‌.

ഇലത്താളം
കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ്‌ ഇലത്താളം അഥവാ കൈമണി. കേരളത്തിലെ അനുഷ്‌ഠാനകലകളില്‍ ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്‌. പതിനെട്ടു വാദ്യങ്ങളില്‍ ഒന്നാണ്‌ ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങള്‍ക്കൊപ്പമാണ്‌ ഇലത്താളം ഉപയോഗിക്കുന്നത്‌. ഓടു കൊണ്ട്‌ വൃത്താകൃതിയില്‍ വാര്‍ത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ്‌ ഇത്‌. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം മാര്‍ഗ്ഗംകളി പോലുള്ള രംഗകലകളില്‍ ഉപയോഗിക്കുന്നുണ്ട്‌. ഇലത്താളത്തിന്റെ നടുവിലുള്ള കുഴിയിലൂടെ ചരടു കോര്‍ത്ത്‌ വളയങ്ങള്‍ ചരടില്‍ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകള്‍ കൈക്കൊണ്ട്‌ പിടിച്ച്‌ പരസ്‌പരം കൂട്ടി മുട്ടിയാണ്‌ താളം സൃഷ്ടിക്കുന്നത്‌. ക്ഷേത്ര വാദ്യങ്ങളില്‍ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്‌. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്‌. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.

ഇടയ്‌ക്ക
കേരളത്തിന്റെ ഒരു പരമ്പരാഗത മേളവാദ്യമാണ്‌ ഇടയ്‌ക്ക.തുകല്‍വാദ്യം ആണെങ്കിലും കേരള സംഗീതത്തില്‍ ഇത്‌ താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു. മറ്റുള്ള വാദ്യങ്ങള്‍ക്കിടയില്‍ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നുപരയുന്നതെന്ന്‌ കരുതപ്പെടുന്നു.ഒരേസമയം തന്ത്രി വാദ്യമായും തുകല്‍ വാദ്യമായും കുഴല്‍ വാദ്യമായും ഇടക്ക ഉപയോഗിക്കുന്നു.കടുംതുടിയുടെ രൂപത്തിലാണ്‌ ഇതു നിര്‍മ്മിച്ചിരിക്കുന്നത്‌. ഇടക്കയിലെ നാല്‌ ജീവക്കൊലുകള്‍ നാലു വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവയില്‍ കെട്ടിയിട്ടുള്ള കമ്പിളി കൊണ്ട്‌ നിര്‍മ്മിച്ച അറുപത്തിനാല്‌ നൂലുന്‌ടകള്‍ അറുപത്തിനാല്‌ കലകളെ പ്രതിനിധാനം ചെയ്യുന്നു. ഇടക്കയുടെ ഇരുമുഖങ്ങള്‍ ജീവാത്മവിനെയും പരമത്മാവിനെയും പ്രതിനിധാനം ചെയ്യുന്നു. വളയത്തിലുള്ള ആര്‌ സുഷിരങ്ങള്‍ ആര്‌ വേദങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

മദ്ദളം
പല മേളപ്രയോഗങ്ങളിലും സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ്‌ മദ്ദളം. മൃദംഗത്തിന്റെ വലിയ രൂപമായ മദ്ദളത്തിന്‌ സംഗീതാത്മകത്വം ഉണ്ട്‌. കേളി, മദ്ദളക്കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്‌ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമാണ്‌ മദ്ദളം. മദ്ദളത്തിന്‍ ഇടന്തലയും വലന്തലയും ഉണ്ട്‌. വലന്തലക്കല്‍ ?ചോറ്‌? ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച്‌ പിടിപ്പിക്കുന്നതാണ്‌ ചോറിടല്‍. മദ്ദളത്തിന്‍റെ ശ്രുതി ശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. രണ്ട്‌ കൈയ്യും ഉപയോഗിച്ചാണ്‌ മദ്ദളം കൊട്ടുന്നത്‌. ഇടന്തലയ്‌ക്കല്‍ വലതുകൈയും വലന്തലയ്‌ക്കല്‍ ഇടത്‌കൈയും ഉപയോഗിച്ചാണ്‌ കൊട്ടുക. ഇടന്തല കൊട്ടുന്ന വലതുകൈ വിരലുകളില്‍ ചുറ്റുകള്‍ ഇടാറുണ്ട്‌. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിനു മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഇടുന്ന പതിവുള്ളു.

തിമില
പഞ്ചവാദ്യമെന്ന സുപ്രസിദ്ധ മേളരൂപത്തിലെ പ്രധാന അംഗമാണ്‌ തിമില. പഞ്ചവാദ്യമൊഴികെയുള്ള മറ്റു മേളങ്ങളില്‍ തിമില പൊതുവേ ഉപയോഗിച്ചു കാണുന്നില്ല. മദ്ധ്യഭാഗത്ത്‌ വണ്ണം കുറഞ്ഞ്‌, നീളത്തിലാണ്‌ തിമിലയുടെ കുറ്റി. പ്ലാവിന്റെ തടി കടഞ്ഞാണ്‌ തിമിലയുടെ കുറ്റിയുണ്ടാക്കുന്നത്‌.

ശംഖ്‌
ഹിന്ദുമതത്തിലും ബുദ്ധമതത്തിലും മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകള്‍ക്ക്‌ ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം കക്കയാണ്‌ ശംഖ്‌. ഇന്ത്യാമഹാസമുദ്രത്തില്‍ കാണപ്പെടുന്ന ടര്‍ബിനല്ല പൈറം എന്ന ഒരിനം ഇരപിടിയന്‍ കടല്‍ ഒച്ചിന്റെ തോടാണ്‌ ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്‌. എട്ട്‌ ബിംബങ്ങളിലൊന്നാണ്‌. ശംഖനാദം ബോധിധര്‍മന്റെ ശബ്ദമായും കണക്കാക്കപ്പെടുന്നു. ടിബറ്റന്‍ ബുദ്ധമതത്തില്‍ ഇത്‌ `ഡങ്‌ കാര്‍` എന്നാണറിയപ്പെടുന്നത്‌.
ശംഖിന്റെ പൊടി ആയുര്‍വേദത്തില്‍ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്‌.

NO COMMENTS

LEAVE A REPLY