അബിഗേലിനെ തട്ടിക്കൊണ്ടുപോയതാര്‌?ഇരുട്ടില്‍ തപ്പി പൊലീസ്‌; അന്വേഷണ ചുമതല ഡിഐജിക്ക്‌


കൊല്ലം:ഓയൂര്‍, പൂയപ്പള്ളിയില്‍ സഹോദരനൊപ്പം ട്യൂഷനു പോകുന്നതിനിടയില്‍ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അബിഗേലിനെ തട്ടികൊണ്ടുപോയ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്‌ ഇരുട്ടില്‍ തപ്പുന്നു. കുട്ടിയെ ഇന്നലെ ഉച്ചയ്‌ക്ക്‌ കൊല്ലം ആശ്രാമ മൈതാനം പരിസരത്തു നിന്നും കണ്ടെത്തി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ചുള്ള സൂചന പോലും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. ഇതിനിടയില്‍ കേസ്‌ അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്‌ കൈമാറി. ഇതേ തുടര്‍ന്ന്‌ കൊല്ലത്തെത്തിയ ഡിഐജി കൊട്ടാരക്കരയിലുള്ള കൊല്ലം റൂറല്‍ പൊലീസ്‌ ആസ്ഥാനത്ത്‌ ഉന്നതതല യോഗം ചേര്‍ന്ന്‌ കേസിന്റെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തു. കേരളത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്തി കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്ന്‌ ഡിഐജി നിശാന്തിനി നിര്‍ദ്ദേശം നല്‍കി.
അതേസമയം കുട്ടിയെ തട്ടികൊണ്ടുപോയ സംഘത്തില്‍ ഒന്നില്‍ കൂടുതല്‍ സ്‌ത്രീകള്‍ ഉണ്ടായിരുന്നുവെന്നാണ്‌ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം. ഇതുപ്രകാരം കൂടുതല്‍ സ്‌ത്രീകളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അബിഗേലിനെ 30 വോളം സ്‌ത്രീകളുടെ രേഖാചിത്രങ്ങള്‍ കാണിച്ചുവെങ്കിലും അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
തട്ടികൊണ്ടുപോയതിനു ശേഷം കുട്ടിക്കു ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നു നല്‍കിയിട്ടുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ മൂത്രവും രക്തവും പരിശോധനയ്‌ക്കയച്ചു. കുട്ടിയുമായി അക്രമ സംഘം വര്‍ക്കല ഭാഗത്തേയ്‌ക്കാണ്‌ പോയതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൊലീസ്‌ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചിട്ടുണ്ട്‌. അക്രമി സംഘം സഞ്ചരിച്ചിരുന്ന വാഹനവും രാത്രിയില്‍ തങ്ങിയ വീടും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page